കിഴക്കമ്പലം: കുന്നത്തുനാട്, കിഴക്കമ്പലം,ഐക്കരനാട് പഞ്ചായത്തുകളിലെ പട്ടിമറ്റം വില്ലേജിൽ വരുന്ന പ്രദേശങ്ങൾ ഉൾപെടുത്തി പട്ടിമറ്റം പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം ശക്തമായി. നിലവിൽ കിഴക്കമ്പലം പഞ്ചായത്തിലെ ചേലക്കുളം ,ചൂരക്കോട്, കുമ്മനോട് പ്രദേശങ്ങളിലെ ആളുകൾക്ക് കിഴക്കമ്പലം പഞ്ചായത്ത് ഓഫീസിൽ എത്താൻ ഒമ്പത് കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്. കുന്നത്തുനാട് പഞ്ചായത്തിലെ ചെങ്ങര, വലമ്പൂർ, പട്ടിമറ്റം, കൈതക്കാട് പ്രദേശത്തെ ജനങ്ങൾ 10 കിലോമീറ്റർ സഞ്ചരിച്ചാലേ കുന്നത്തുനാട് പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന പള്ളിക്കരയിൽ എത്താൻ കഴിയൂ. ഈ കഷ്ടപ്പാടും ദുരിതവും പട്ടിമറ്റത്ത് പഞ്ചായത്ത് വന്നാൽ ഒഴിവാകും.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് പട്ടിമറ്റം പഞ്ചായത്ത് രൂപീകരണത്തിന് വിജ്ഞാപനമായിരുന്നങ്കിലും ചിലർ കോടതിയെ സമീപിച്ചതോടെ വീണ്ടും പ്രതിസന്ധിയിലായി. വീണ്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പട്ടിമറ്റം പഞ്ചായത്ത് രൂപീകരണ ചർച്ച സജീവമാവുകയാണ്.