heath-center
കുട്ടമശേരിയിലെ അംഗൻവാടിയിൽ പ്രവർത്തിക്കുന്ന കുടുംബക്ഷേമ ആരോഗ്യ ഉപകേന്ദ്രം

# പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യം

ആലുവ: കുട്ടമശേരിയിൽ പ്രവർത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രം ശോച്യാവസ്ഥയിലായിട്ട് നാളേറെയായി. ഇത് പുതുക്കിപ്പണിയാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ലെന്ന് മാത്രം. കീഴ്മാട് പഞ്ചായത്തിലെ 5,6,7 വാർഡുകൾക്കായി ആറാം വാർഡിലെ അംഗൻവാടിയിലാണ് കുടുംബക്ഷേമ ആരോഗ്യ ഉപകേന്ദ്രം പ്രവർത്തിക്കുന്നത്. കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളും, ജീവിതശൈലീ രോഗങ്ങൾക്കുള്ള പരിശോധനകളും നടക്കുന്ന കേന്ദ്രത്തിൽ നിരവധിയാളുകളാണ് ദിവസേന എത്തുന്നത്.

അംഗൻവാടി കെട്ടിടത്തിന്റെ മുൻവശത്തുള്ള ഷീറ്റുമേഞ്ഞ ഭാഗത്താണ് ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. ഇതുമൂലം അംഗൻവാടിയിലെ കുട്ടികൾക്ക് കളി ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും മറ്റും ബുദ്ധിമുട്ട് നേരിടുകയാണ്. കുടുംബ ക്ഷേമ ആരോഗ്യ ഉപകേന്ദ്രത്തിന് കെട്ടിടം നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കീഴ്മാട് പഞ്ചായത്ത് ആറാം വാർഡ് ഗ്രാമസഭ യോഗം ആവശ്യപ്പെട്ടു.

വട്ടച്ചാൽ ജല സംഭരണി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നവീകരിക്കാൻ പഞ്ചായത്ത് തീരുമാനമെടുത്തിട്ടുണ്ടെന്ന് വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സൗജത്ത് ജലീൽ പറഞ്ഞു. എന്നാൽ വട്ടച്ചാൽ ആദ്യം അളന്ന് തിരിക്കാനാണ് പഞ്ചായത്ത് നടപടി സ്വീകരിക്കേണ്ടതെന്നും തുടർന്നായിരിക്കണം നവീകരണമെന്നും ഗ്രാമസഭയിൽ ആവശ്യമുയർന്നു. ജെ. രഞ്ജിത, നന്ദനൻ എന്നിവർ സംസാരിച്ചു.

എം.എൽ.എ ഫണ്ട് നൽകും

ആരോഗ്യ ഉപകേന്ദ്രത്തിന് കെട്ടിടം നിർമിക്കാൻ ആവശ്യമായ സ്ഥലം അംഗൻവാടിയുടെ പിൻ ഭാഗത്ത് ലഭ്യമായിട്ടുണ്ട്. ഇത് പണിയുന്നതിനുള്ള ഫണ്ട് നൽകാമെന്ന് അൻവർ സാദത്ത് എം.എൽ.എയും സമ്മതിച്ചിട്ടുണ്ട്.

സൗജത്ത് ജലീൽ

വൈസ് പ്രസിഡന്റ്