mahadeva-temple
ആലുവ മണപ്പുറം മഹാദേവ ക്ഷേത്രം വെള്ളത്തിൽ മുങ്ങിയ നിലയിൽ.... ഫോട്ടോ: സുരേഷ് ആലുവ

ജലനിരപ്പ് ഉയർന്നത് മിന്നൽ വേഗത്തിൽ,

ആലുവ മണപ്പുറം ശിവക്ഷേത്രത്തിൽ വെള്ളം കയറി

ആലുവ: കനത്ത മഴയിൽ പെരിയാർ കരകവിഞ്ഞതിനെ തുടർന്ന് ആലുവ മണപ്പുറം ശിവക്ഷേത്രം ഉൾപ്പെടെ തീരദേശ മേഖലയാകെ വെള്ളത്തിലായി. ബുധൻ രാത്രി മുതൽ മിന്നൽ വേഗത്തിലാണ് വെള്ളം ഉയർന്നത്.

അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിൾ, കൗൺസിലർ പി.എം. മൂസാക്കുട്ടി, ലത്തീഫ് പൂഴിത്തറ, മുഹമ്മദ് ഷെഫീക്ക് എന്നിവർ ഉൾപ്പെടെ നിരവധി പേർ സുരക്ഷക്രമീകരണങ്ങൾ വിലയിരുത്താൻ മണപ്പുറത്തെത്തിയിരുന്നു.

ആശങ്കയിൽ തീരദേശവാസികൾ

മഹാപ്രളയത്തിന് സമാനമായി ഇന്നലെയും പെരിയാറിൽ മിന്നൽ വേഗത്തിൽ ജലനിരപ്പ് ഉയർന്നത് തീരദേശവാസികളെ ആശങ്കയിലാക്കി. കൊട്ടാരക്കടവിൽ നിന്നും മണപ്പുറത്തേക്കുള്ള നടപ്പാലത്തിന്റെ പത്ത് ചവിട്ടുപടികളോളം വെള്ളത്തിലായി.

മാറമ്പിള്ളി, ചാലക്കൽ, തോട്ടുമുഖം, ആലുവ, തോട്ടക്കാട്ടുകര, ചൊവ്വര, ശ്രീമൂലനഗരം, ബിനാനിപുരം മേഖലകളിലെല്ലാം തീരദേശത്തെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ മഹാപ്രളയം നേരിട്ടവർ ഇക്കുറി സ്വന്തം നിലയിൽ രക്ഷാപ്രവർത്തനത്തിനും മറ്റും മുന്നൊരുക്കം ആരംഭിച്ചു. ഇലക്ട്രോണിക്ക് സാധനങ്ങളെല്ലാം മേൽതട്ടുകളി​ലേക്ക് മാറ്റി​യും വാഹനങ്ങൾ മറ്റു സ്ഥലങ്ങളി​ലേക്കയച്ചുമൊക്കെയാണ് തയ്യാറെടുപ്പുകൾ. ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് നശിക്കുന്നത്.

മണലും ചെളിയും പാരയായി​

ആലുവ: കഴിഞ്ഞ പ്രളയത്തിൽ പെരിയാറിൽ അടിഞ്ഞ ചെളിയും മണലുമാണ് ഇക്കുറി ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായതെന്ന് വിദഗ്ദ്ധർ പറയുന്നു. മണലൂറ്റി​ അടി​ത്തട്ട് തെളി​ഞ്ഞ പെരി​യാറി​ൽ ഡാമുകളിൽ നിന്നും മണലും ചെളിയും വന്നടിഞ്ഞിരുന്നു.

ആലുവ മണപ്പുറം, തോട്ടുമുഖം പരുന്തുറാഞ്ചി മണപ്പുറം, കാഞ്ഞൂർ, ശ്രീമൂലനഗരം പ്രദേശങ്ങളിലും ശുദ്ധ മണലെത്തി​യപ്പോൾ ചില ഭാഗങ്ങളിൽ ചെളിയാണ് വന്നടിഞ്ഞത്. ആലുവ കൊട്ടാരക്കടവിനും മണപ്പുറത്തിനും കുറുകെയുള്ള ഭാഗങ്ങളിൽ ചെളി അടിഞ്ഞുകൂടിയതിനെ തുടർന്ന് വേനലിൽ തുരുത്ത് രൂപപ്പെട്ടിരുന്നു.

ഡിസാസ്റ്റർ മാനേജ്മെന്റിൽ പണമില്ലെന്ന് കളക്ടർ,

ആലുവ: ജില്ലയിൽ ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ട് ഇല്ലെന്ന് കളക്ടർ അറിയിച്ചതിനെ തുടർന്ന് റവന്യൂ മന്ത്രിയോട് സഹായം തേടിയതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. ആവശ്യമായ പണം അനുവദിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉറപ്പ് നൽകിയതായും എം.എൽ.എ പറഞ്ഞു.

നെടുമ്പാശേരി പഞ്ചായത്ത് ഒന്നാം വാർഡിലെ മാഞ്ഞാലി തോടിൽ പായൽ കെട്ടികിടക്കുന്നതിനാൽ വെള്ളം ഒഴുകുന്നില്ലെന്നും പായൽ അടിയന്തിരമായി നീക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് കത്ത് നൽകിയപ്പോഴാണ് ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ട് കാലിയാണെന്ന വിവരം അറിയുന്നത്.

മണപ്പുറത്ത് ഭഗവാന് ആറാട്ട് ഉത്സവം

ഇന്നലെ മണപ്പുറം ശി​വക്ഷേത്രത്തി​ലെ പ്രതി​ഷ്ഠ മുങ്ങി​യതോടെ ഭഗവാന് ആറാട്ട് ഉത്സവവും നടന്നു. രാവിലെ മണപ്പുറത്തെ ശിവക്ഷേത്രത്തിലെ തറ കാണാമായിരുന്നു. ഉച്ചയ്ക്ക് തറയും സ്വയംഭൂ ശിവപ്രതിഷ്ഠയും പൂർണമായി മുങ്ങി വൈകിട്ട് മേൽകൂരയുടെ പാതിയോളം വെള്ളത്തിലായി. രാവിലത്തെ ക്ഷേത്ര പൂജകൾ പതിവുപോലെ നടന്നു. വൈകിട്ട് ആൽത്തറയിലെ ക്ഷേത്രത്തിലേക്ക് പൂജകൾ മാറ്റി​.

കഴിഞ്ഞ വർഷം ചരിത്രത്തിൽ ആദ്യമായി നാല് വട്ടമാണ് ആറാട്ട് ഉത്സവം നടന്നത്. നാലാമത്തെ ആറാട്ട് മഹാപ്രളയത്തിലായിരുന്നു. ഇതേതുടർന്ന് രണ്ട് ആഴ്ചയോളം ക്ഷേത്രത്തിൽ പൂജയും മുടങ്ങി. 2013ൽ മൂന്ന് തവണ ആറാട്ട് നടന്നിരുന്നു.