കൊച്ചി: പീരുമേട് സബ്ജയിലിൽ റിമാൻഡിലിരിക്കേ കോലാഹലമേട് സ്വദേശി രാജ്കുമാർ മരിച്ചത്
ക്രൂരപീഡനത്താലാണെന്ന് രണ്ടാം പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ന്യൂമോണിയ മൂലമുള്ള സ്വാഭാവിക മരണമെന്ന ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ നിഷ്പ്രഭമാക്കുന്ന വിശദമായ റിപ്പോർട്ട് ഇന്നലെ പ്രത്യേകസംഘം കസ്റ്റഡിമരണം അന്വേഷിക്കുന്ന ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന് മുമ്പാകെ സമർപ്പിച്ചു. ഈ ജുഡിഷ്യൽ കമ്മിഷനാണ് റീപോസ്റ്റുമോർട്ടം നിർദ്ദേശിച്ചത്.
21 മാരകമായ പുതിയ പരിക്കുകൾ രാജ്കുമാറിന്റെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവ മൂലം ആന്തരികാവയവങ്ങൾ തകരാറിലായതാണ് മരണകാരണമെന്ന് രണ്ടാം റിപ്പോർട്ടിൽ അസന്ദിഗ്ദ്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കസ്റ്റഡി മരണത്തിൽ ശരീരത്തിന്റെ പുറംഭാഗവും കൈകാലുകളുടെ പിന്നിലും കീറി പരിശോധിക്കണമെന്ന മാനദണ്ഡം രാജ്കുമാറിന്റെ കേസിൽ പാലിച്ചിരുന്നില്ല. പുറത്തും തുടകളുടെ പിൻഭാഗത്തും പാദങ്ങൾക്കടിയിലുമായിരുന്നു വലിയതും ആഴത്തിലുള്ളതുമായ ചതവുകൾ. ദണ്ഡുപോലുള്ള സാധനങ്ങൾ കൊണ്ടും മുഷ്ടികൊണ്ടും കൈമുട്ടുകളാലുള്ള മർദ്ദനങ്ങൾ മൂലവുമുണ്ടായ പരിക്കുകളാണ് ഇവയെന്നാണ് നിഗമനം.
കസ്റ്റഡിമരണക്കേസിൽ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ മാർഗനിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ട പലതും പാലിക്കാത്തതായിരുന്നു ആദ്യ പോസ്റ്റുമോർട്ടം.
കസ്റ്റഡിമരണത്തിൽ ആദ്യ റീപോസ്റ്റ്മോർട്ടം
സംസ്ഥാനത്ത് കസ്റ്റഡിമരണത്തിൽ നടക്കുന്ന ആദ്യ റീപോസ്റ്റുമോർട്ടമാണിത്. ഇടുക്കി ആർ.ഡി.ഒയുടെ ഉത്തരവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. കെ. പ്രസന്നൻ, സംസ്ഥാന സർക്കാരിന്റെ ചീഫ് ഫോറൻസിക് ഉപദേഷ്ടാവ് ഡോ. പി.ബി. ഗുജ്റാൾ, കളമശേരി മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം അഡി. പ്രൊഫ. എ.കെ. ഉന്മേഷ് എന്നിവർ ഉൾപ്പെട്ട പ്രത്യേകസംഘം കാഞ്ഞിരപ്പിള്ളി ജനറൽ ആശുപത്രിയിൽ വച്ചാണ് ജൂലായ് 29ന് മൂന്നു മണിക്കൂർ നീണ്ട രണ്ടാം പോസ്റ്റ്മോർട്ടം നടത്തിയത്.
കല്ലറയിൽ കാത്തുവച്ചത്
മരിച്ച് 38-ാം ദിവസം നടക്കുന്ന റീപോസ്റ്റ്മോർട്ടത്തിൽ നിർണായകമായ കണ്ടെത്തലുകൾ സാധാരണമല്ല. എന്നാൽ രാജ്കുമാറിന് വേണ്ടി ദൈവത്തിന്റെ ഇടപെടൽ പോലെയായിരുന്നു കാര്യങ്ങൾ.
വാഗമൺ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ കുടുംബകല്ലറയിൽ അടക്കിയ മൃതദേഹം കാര്യമായി അഴുകിയിരുന്നില്ല. തണുത്ത കാലാവസ്ഥയും കല്ലറയിൽ മണ്ണിടാത്തതും ശാരീരിക പ്രത്യേകതകളുമായിരുന്നു കാരണം.
വീഴ്ചകളുടെ പരമ്പര
ആദ്യ പോസ്റ്റുമോർട്ടത്തിൽ മർദ്ദനങ്ങളും ചതവുകളും കൃത്യമായി രേഖപ്പെടുത്തിയില്ല
രാസപരിശോധനയ്ക്ക് ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ, രക്തം, മൂത്രം ഒന്നും തന്നെ എടുത്തില്ല.
പതോളജി പരിശോധനയ്ക്ക് വേണ്ട സാമ്പിളുകളും ശേഖരിച്ചില്ല.
കാലുകളുടെ മുൻഭാഗത്തെ ചെറിയ തോതിലുള്ള പോറലുകളും ചെറിയ ചതവുകളും മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.
മുറിവുകളുടെ പഴക്കം രേഖപ്പെടുത്തിയിട്ടില്ല.
നിർബന്ധമായും ചെയ്യേണ്ട കൈകാലുകളും പുറവും കീറിപരിശോധിക്കൽ നടത്തിയില്ല.