periyarriver

കാലടി: കനത്ത മഴയെ തുടർന്ന് ഡാമുകൾ തുറന്നതോടെ പെരിയാർ കരകവിഞ്ഞു. ശക്തമായ ഒഴുക്കാണ് പെരിയാറിൽ അനുഭവപ്പെടുന്നത്. പെരിയാറിന്റെ നടുവിലെ ശിവക്ഷേത്രം പൂർണമായും മുങ്ങി. മുതലക്കടവിലെ സോപാന ഓഡിറ്റോറിയത്തിലും വെള്ളം കയറി. 5 സ്റ്റെപ്പുകൾ കൂടി വെള്ളം കയറിയാൽ ഓഡിറ്റോറിയo പൂർണമായും മുങ്ങും. കാലടി - മലയാറ്റൂർ റോഡിൽ ശൃംഗേരി കവാടത്തിന് മുന്നിലെ റോഡിൽ രൂക്ഷമായ വെള്ളക്കെട്ടായി. കാനകളിൽ മണ്ണും ചെളിയും നിറഞ്ഞതിനാൽ വെള്ളം റോഡിലേക്ക് ഒഴുകിയെത്തി നിറഞ്ഞു.

മലയാറ്റൂർ, നീലിശ്വരം, തുറവുങ്കര, കാഞ്ഞൂർ, കാലടി ഗ്രാമപഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഓണ വിപണിക്കായി കൃഷിയിറക്കിയ വാഴ, കപ്പ, പച്ചക്കറികൾ തുടങ്ങിയ വിളകൾ വെള്ളത്തിനടിയിലാണ്.

നീലീശ്വരത്ത് പള്ളുപ്പെട്ട തോട് നിറഞ്ഞതിനാൽ താഴ്ന്ന പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. പുതുതായി നിർമ്മാണത്തിലിരിക്കുന്ന വീടിന് കേടുപാട് സംഭവിച്ചു. കൊറ്റമം തോടിലെ ഒഴുക്ക് നിലച്ചതിനാൽ മാണിക്കമംഗലം, നെട്ടിനംപിള്ളി, മുക്കടായി തോട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശത്ത് വെള്ളം കയറി. പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇരുകരകളിലെയും താമസക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.