കൊച്ചി: പെയ്‌തൊഴിയുന്നില്ല. ഇടവേളകളിൽ കാറ്റോടുകൂടി ആഞ്ഞടിക്കുന്ന മഴ ജില്ലയെ പ്രളയക്കയത്തിലേക്ക് താഴ്ത്തുന്നു. പെരിയാർ കരകവിയുന്നു. ഉരുൾപൊട്ടലുകളും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളവും കയറിയതോടെ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചു.
അണക്കെട്ടുകൾ തുറന്നു
മലങ്കര അണക്കെട്ടിന്റെ ആറു ഷട്ടറുകൾ തുറന്നു. ഭൂതത്താൻകെട്ട് ഡാമിന്റെ 15 ഷട്ടറുകളും ഉയർത്തി. ഇപ്പോഴത്തെ ജല നിരപ്പ് 30. 60 മീറ്ററാണ്. 34.95 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. മലങ്കര ഡാമിന്റെ ആറു ഷട്ടറുകളും 30 സെന്റീമീറ്ററാണ് ആദ്യം ഉയർത്തിയത്. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതോടെ 50 സെന്റീമീറ്ററാക്കി.
ഉരുൾപൊട്ടൽ
കല്ലേലി മേടിലുണ്ടായ ഉരുൾപൊട്ടലിൽ റേഷൻകട അടക്കം മൂന്നു കടകളിലും 12 വീടുകളിലും വെള്ളം കയറി. ആളപായമോ ആർക്കും പരിക്കുമില്ല.
വെള്ളത്തിൽ
കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ ചപ്പാത്ത് ഉൾപ്പടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
നേര്യമംഗലം സർക്കാർ കൃഷി ഫാമിൽ വെള്ളം കയറി. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നലെ ഉച്ചയ്ക്കു ശേഷം ജില്ലാ കളക്ടർ അവധി നൽകി.
കോതമംഗലം തങ്കളം ജവഹർ കോളനിയിൽ വെള്ളം കയറി.പല്ലാരിമംഗലം പഞ്ചായത്തിലെ കുടമുണ്ട പ്രദേശം വെള്ളത്തിനടിയിലായി. കുടമുണ്ട, മടിയൂർ, കൂവള്ളൂർ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി.പുതിയ പാലത്തിലേക്കുള്ള വഴിയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് പൂർണമായും ഗതാഗതം സ്തംഭിച്ചു. കടമുണ്ട ഒറ്റപ്പെട്ടു. കനത്ത മഴയിൽ അടിവാട് ടൗണിലെ കടകളിൽ വെള്ളം കയറി. മൂവാറ്റുപുഴ, ഇലാഹിയ നഗർ, ആനിക്കാക്കുടി കോളനി എന്നിവിടങ്ങളും വെള്ളത്തിലാണ്.
ആലുവയിൽ കൺട്രോൾ റൂം
ആലുവയിൽ പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. ശിവക്ഷേത്രം മുക്കാൽ ഭാഗം വെള്ളത്തിനടിയിലായി. അങ്കമാലി - മാഞ്ഞാലി തോട് കവിഞ്ഞ് പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞു. നെടുമ്പാശേരി, പാറക്കടവ് പഞ്ചായത്തുകളിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ചില വീടുകളിലും വെള്ളം കയറി.
ദുരിതാശ്വാസ ക്യാമ്പുകൾ
പറവൂർ താലൂക്കിൽ ഏലൂർ മേത്താനം പകൽ വീട്ടിൽ ക്യാമ്പ് ആരംഭിച്ചു. മൂന്ന് കുടുംബങ്ങളിലെ ഒമ്പതു പേരാണ് ക്യാമ്പിലുള്ളത്. കോതമംഗലം ടൗൺ യു.പി സ്കൂൾ,മൂവാറ്റുപുഴ ടൗൺ യു.പി സ്കൂൾ, കടാതി എൻ.എസ്.എസ് ഹാൾ എന്നിവിടങ്ങളിലും ക്യാമ്പ് തുറന്നു. ജവഹർ കോളനിയിലെ 33 കുടുംബങ്ങളെ ഇവിടേക്ക് മാറ്റി.
പറവൂരിൽ ജാഗ്രത
മഴ ശക്തമായി തുടരുന്നതിനാൽ പറവൂർ താലൂക്കിൽ ഉൾപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളായ
പുത്തൻവേലിക്കര, കുന്നുകര,ആലങ്ങാട്, കരുമാലൂർ, ചേന്ദമംഗലം എന്നിവിടങ്ങളിൽ ജാഗ്രത നിരീക്ഷണത്തിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു.