പെരുമ്പാവൂർ: ശക്തമായ കാറ്റിലും മഴയിലും പെരുമ്പാവൂരിന്റെ കിഴക്കൻ മേഖലകൾ ഒറ്റപ്പെട്ടു. കീഴില്ലം മലയാറ്റൂർ റോഡിൽ മുടക്കുഴ ഭാഗത്ത് മരങ്ങൾ കടപുഴകി റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു. വേങ്ങൂർ പഞ്ചായത്തിലെ പാണിയേലി, ത്രിവേണി മേഖലകളിൽ ശക്തമായ കാറ്റിൽ ഗതാഗതം തടസപ്പെട്ടു. വൻ കൃഷി നാശവുമുണ്ടായി. നാട്ടുകാരുടേയും അഗ്നിശമന സേനയുടേയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു.
കൂവപ്പടി പഞ്ചായത്തിലെ 16-ാം വാർഡിൽ പറമ്പി പൗലോസിന്റെ വീടിന് മുകളിൽ ജാതിമരം കടപുഴകിവീണ് നാശനഷ്ടം സംഭവിച്ചു. വേങ്ങൂർ, മുടക്കുഴ, രായമംഗലം പഞ്ചായത്തുകളിലായി അമ്പതോളം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. പലേടത്തും വൈദ്യുതി വിതരണം താറുമാറായി. വൈദ്യുതിബന്ധം പൂർവ സ്ഥിതിയിലാക്കാൻ രണ്ട് ദിവസമങ്കിലും വേണ്ടിവരുമെന്നാണ് വൈദ്യുതി ബോർഡ് അധികൃതർ നൽകുന്ന സൂചന.
രായമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും വലിയ നാശമുണ്ടായി. വൻതോതിൽ കൃഷിനാശവുമുണ്ട്. പത്താം വാർഡിൽ നാലുസെന്റ് കോളനിയിലെ കരിനാലി കുഞ്ഞിന്റെ വീട് തെങ്ങ് വീണ് പൂർണ്ണമായും നശിച്ചു. ശക്തമായ കാറ്റ് വീശാൻ തുടങ്ങിയതോടെ അടുത്തുള്ള വീട്ടിലേക്ക് കുഞ്ഞിന്റെ ഭാര്യയും കുട്ടിയും മാറിയതിനാൽ ദുരന്തമൊഴിവായി. 17-ാം വാർഡിലെ കനാൽ പാലത്തിന് സമീപം കോയിക്കൽ രാധാമണിയുടെ വീട് പൂർണമായും തകർന്നു.