കൊച്ചി: വളർച്ചയില്ലാത്ത നെഞ്ചെല്ലുമായി പിറന്ന കുരുന്നിന് ഏഴാം വാരിയെല്ല് ഉപയോഗിച്ച് നെഞ്ചെല്ല് വച്ചുപിടിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ എട്ടുമാസം പ്രായമുള്ള ആത്മികയ്ക്കാണ് നെഞ്ചെല്ല് വിജയകരമായി വച്ചുപിടിപ്പിച്ചത്. ത്രീഡി സാങ്കേതികവിദ്യയാലായിരുന്നു ശസ്ത്രക്രിയ.
നെഞ്ചിൻ കൂടിന് തീരെ വളർച്ചയില്ലാതെയാണ് ആത്മിക ജനിച്ചത്. ഹൃദയവും ശ്വാസകോശവും ത്വക്കിനുള്ളിലൂടെ വ്യക്തമായി കാണാമായിരുന്നു. ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരാവുന്ന കൺജനിറ്റൽ ആബ്‌സൻസ് ഒഫ് സ്റ്റേർണം എന്ന അത്യാപൂർവ അവസ്ഥയാണിത്. ലോകത്ത് ഇതുവരെ 68 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കോഴിക്കോട് പേരാമ്പ്ര സ്വദേശി വിനുവിന്റെയും കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിനി രശ്മിയുടെയും മകളാണ് ആത്മിക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം മൂന്നു മാസം മുമ്പാണ് കാഞ്ഞങ്ങാട്ടെ ക്ലിനിക്കിൽ വച്ച് അമൃതയിലെ പീഡിയാട്രിക്ക് കാർഡിയോളജിസ്റ്റ് ഡോ. മഹേഷിനെ കണ്ടത്. തുടർന്ന് അമൃതയിലെ പീഡിയാട്രിക് കാർഡിയോളജിസ്റ്റുമാരുടെ സംഘം ചികിത്സ ഏറ്റെടുത്തു. ത്രീഡി പ്രിന്റിംഗ് സോഫ്റ്റ്‌വെയറിന്റെയും ത്രീഡി പ്രിന്റിംഗ് മെഷീന്റെയും സഹായത്തോടെ അസ്ഥിയുടെ പ്രിന്റ് എടുത്തു. സീനിയർ പ്ലാസ്റ്റിക്ക് സർജൻ ഡോ. സന്ദീപ് പ്രഭാകർ, പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. പി.കെ ബ്രിജേഷ്, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. മഹേഷ് തുടങ്ങിയവർ ചേർന്നാണ് ശസ്ത്രക്രിയ ആസൂത്രണം ചെയ്തത്. ലോകത്താദ്യമായാണ് ഇത്തരം വൈകല്യം പരിഹരിക്കുന്നതിന് ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചതെന്ന് ഡോക്ടർമാർ അവകാശപ്പെട്ടു. ജൂലായ് 25 നായിരുന്നു ശസ്ത്രക്രിയ. കുട്ടി വളരുന്നതിനനുസരിച്ച് വച്ചുപിടിപ്പിച്ച നെഞ്ചെല്ലും വളരും. ആറു മാസം വരെ വിശ്രമത്തിന് ശേഷം ആത്മികയ്ക്ക് സാധാരണ കുട്ടികളെ പോലെ ജീവിക്കാനാവുമെന്നും അവർ പറഞ്ഞു.
മൂന്നു ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്ക് ചെലവായത്. സാമൂഹിക പ്രവർത്തകരാണ് പണം കണ്ടെത്തിയത്. കഴുത്തിന്റെ നീളവും വീതിയും കുറവുള്ള ആത്മികയുടെ ഹൃദയത്തിൽ ചെറിയ ദ്വാരമുണ്ട്. ഇതിനുള്ള ശസ്ത്രക്രിയ മൂന്നുവയസിനുള്ളിൽ നടത്താനാകുമെന്ന് ഡോക്ടർമാർ പറഞ്ഞു.
സീനിയർ പ്ലാസ്റ്റിക്ക് സർജൻ ഡോ. സന്ദീപ് പ്രഭാകർ, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. മഹേഷ്, പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. പി.കെ ബ്രിജേഷ്, ഡോ. കൃഷ്ണകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.