mpzha
മൂവാറ്റുപുഴയാർ കരകവിഞ്ഞൊഴുകുന്നു....

# ഇലാഹിയ നഗറിലും ആനിക്കാക്കുടി കോളനിയിലും വെള്ളം കയറി

# മാർക്കറ്റിലെ വ്യാപാരികൾ സാധനങ്ങൾ മാറ്റിത്തുടങ്ങി

# ദുരിതാശ്വാസ ക്യാമ്പുകൾ

മൂവാറ്റുപുഴ ടൗൺ യു പി സ്‌കൂൾ

കടാതി എൻ.എസ്.എസ് ഹാൾ

പെരുമറ്റം വി.എം. എൽ.പി സ്കൂൾ

# ഇരുപതോളം കുടുംബങ്ങൾ ക്യാമ്പിൽ

# കൺട്രോൾ റൂം തുറന്നു

ഫോൺ: 0485 2813773


മൂവാറ്റുപുഴ: കാലവർഷം കനത്തതോടെ മൂവാറ്റുപുഴയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഏത് അടിയന്തര സാഹചര്യവും നേരിടാനായി എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് താലൂക്ക് ഓഫീസിൽ പ്രത്യേക സജ്ജീകരണമൊരുക്കി.

മൂവാറ്റുപുഴയാറിൽ നീരൊഴുക്ക് കൂടിയതോടെയാണ് മൂവാറ്റുപുഴയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളപ്പൊക്ക ഭീഷണിയിലായത്. രണ്ട് ദിവസമായി തുടരുന്ന മഴയാണ് മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണം. മലങ്കര ഡാമിന്റെ ആറ് ഷട്ടറുകൾ 80 സെന്റീമീറ്റർ ഉയർത്തിയതോടെ മൂവാറ്റുപുഴയാറിലേക്കുള്ള നീരൊഴുക്കും വർദ്ധിച്ചിട്ടുണ്ട്. മലയോര മേഖലകളിലുണ്ടായ ഉരുൾപൊട്ടലും കനത്തമഴയും കാളിയാർ പുഴയിലെ നീരൊഴുക്ക് വർദ്ധിച്ചതും ദുരിതം വർദ്ധിപ്പിക്കുന്നു. മൂവാറ്റുപുഴയാറിന്റെയും കാളിയാറിന്റെയും, തൊടുപുഴയാറിന്റെയും ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നതോടെ ഇലാഹിയ നഗർ, കടാതി, ആനിക്കാക്കുടി കോളനി പ്രദേശങ്ങളിൽ വീടുകളിലേയ്ക്ക് വെള്ളം കയറാനുള്ള സാദ്ധ്യത ഏറിയതോടെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ടൗൺ യു പി സ്‌കൂളിലും കടാതി എൻ.എസ്.എസ് ഹാളിലും പെരുമറ്റം വി.എം. എൽ.പി സ്കൂളിലുമായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇരുപതോളം കുടുംബങ്ങൾ ഇവിടെയുണ്ട്.

മൂവാറ്റുപുഴയിലെ താഴ്ന്ന പ്രദേശങ്ങളായ കൊച്ചങ്ങാടി, എട്ടങ്ങാടി, കാളച്ചന്ത, കൂളുമാരി, രണ്ടാർ, സ്റ്റേഡിയം അടക്കമുള്ള സ്ഥലങ്ങളെല്ലാം വെള്ളത്തിനടിയിലായി. മൂവാറ്റുപുഴയിലെ ചെറുതും വലുതുമായ തോടുകളെല്ലാം കരകവിഞ്ഞൊഴുകുന്നു.

കാലവർഷം കനത്തതോടെ മൂവാറ്റുപുഴ താലൂക്കിൽ കാലവർഷക്കെടുതി, പ്രകൃതിദുരന്തം അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഏതൊരു അടിയന്തര ഘട്ടത്തെയും നേരിടുന്നതിനായി താലൂക്കിലെ മുഴുവൻ വില്ലേജ് ഓഫീസർമാർക്കും ജാഗ്രതാനിർദ്ദേശം നൽകി. മലങ്കരഡാമിലെ ജലനിരപ്പ് പരിശോധിക്കാനും പുറത്തുവിടുന്ന ജലത്തിന്റെ അളവ് ബന്ധപ്പെട്ട വകുപ്പ് മേധാവികളെ അറിയിക്കാനും തീരുമാനിച്ചു. 41.09 അടി ജലനിരപ്പാണ് നിലവിൽ ഡാമിലുള്ളത്. ആറ് ഷട്ടറുകൾ 80 സെന്റിമീറ്റർ ഉയർത്തി വെള്ളം തുറന്നുവിട്ടിട്ടുണ്ടെന്നും കൂടുതൽ ജലം തുറന്നുവിടേണ്ട സാഹചര്യമുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾക്ക് ശേഷമേ ഷട്ടറുകൾ തുറക്കാവുവെന്ന് ഇടുക്കി കളക്ടറോട് എൽദോ എബ്രഹാം എം.എൽ.എ നിർദേശിച്ചു.