കൊച്ചി: ആലുവ പമ്പ് ജംഗ്‌ഷനിലുള്ള സിനിമാ തിയേറ്ററിലെത്തുന്നവർ റോഡരികിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയാൻ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആലുവ റൂറൽ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
കമ്മിഷൻ ആലുവ ട്രാഫിക്ക് പൊലീസിൽ നിന്ന് റിപ്പോർട്ട് വാങ്ങി. പമ്പ് - മാതാ റോഡിൽ പാർക്കിംഗ് അനുവദിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരുവശങ്ങളിലും നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചിട്ടുണ്ട്. അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ പെറ്റിക്കേസെടുക്കാറുണ്ട്. സിനിമാ കാണാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത് തിയേറ്റർ കോമ്പൗണ്ടിലാണെന്ന് തിയേറ്റർ ഉടമകളെ അറിയിച്ചിട്ടുണ്ട്. ഇതിന് വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ സിനിമയ്ക്ക് വരുന്നവർ നോ പാർക്കിംഗ് ബോർഡിന് മുന്നിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതെന്ന് പരാതിക്കാരനായ എരുമത്തല സ്വദേശി കെ. രഞ്ജിത് കമ്മിഷനെ അറിയിച്ചു. പാർക്കിംഗിന്റെ ചിത്രങ്ങളും പരാതിക്കാരൻ ഹാജരാക്കി. പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായാണ് കാര്യങ്ങൾ നടക്കുന്നതെന്ന് തെളിവുകളിൽ നിന്ന് അനുമാനിക്കാമെന്ന് കമ്മിഷൻ നിരീക്ഷിച്ചു.