കൊച്ചി : കോതമംഗലം നഗരസഭയിൽ ഗാന്ധി പ്രതിമയെ മറച്ച് അനധികൃത ഫ്ളക്സ് ബോർഡ് സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. നഗരസഭാ കൗൺസിലിന്റെ ഒത്താശയോടെയാണ് ഫ്ളക്സ് ബോർഡ് സ്ഥാപിച്ചതെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുത്തശേഷം തദ്ദേശ ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകണമെന്നും സിംഗിൾബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. അനധികൃത ഫ്ളക്സ് - പരസ്യ ബോർഡുകൾക്കെതിരെ ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന കേസിൽ ഗാന്ധി പ്രതിമയെ മറച്ച് ഫ്ളക്സ് ബോർഡ് സ്ഥാപിച്ച ചിത്രങ്ങൾ അമിക്കസ് ക്യൂറിയാണ് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇത്തരം അനധികൃത ബോർഡുകൾ തടയേണ്ട അധികൃതർ ഇതിനു ഒത്താശ ചെയ്യുന്നത് വേലി തന്നെ വിളവു തിന്നുന്നതിന് തുല്യമാണ്. കൂടുതൽ പറയുന്നില്ല. തൃശൂരിൽ തളിക്കുളത്ത് അനധികൃത ബോർഡ് സ്ഥാപിച്ചവർക്കെതിരെയും നടപടി വേണം. - ഹൈക്കോടതി വ്യക്തമാക്കി. ഹർജി ആഗസ്റ്റ് 20 ന് വീണ്ടും പരിഗണിക്കും.