കൊച്ചി : സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വിവാദത്തിൽ കുടുങ്ങിയ വൈറ്റില ഫ്ളൈ ഓവർ നിർമ്മാണത്തിലെ സ്തംഭനം നീളും. ഡിസംബറിൽ നിർമ്മാണം പൂർത്തിയാക്കുകയെന്ന മുൻ തീരുമാനം നടപ്പാകില്ല. സർക്കാർ അംഗീകരിക്കാതെ പണി പുനരാരംഭിക്കേണ്ടെന്ന നിലപാടിലാണ് കരാറുകാർ. നിർമ്മാണത്തിൽ അപാകതകളോ ഗുണനിലവാരത്തിൽ വീഴ്ചയോ സംഭവിച്ചിട്ടില്ലെന്നാണ് കരാറുകാരുടെ നിലപാട്.

പാലത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ച കോൺക്രീറ്റ് മിക്സിംഗിന് നിശ്ചത ഗുണനിലാവരമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നിർമ്മാണം നിലച്ചത്. സർക്കാർ നിർദ്ദേശപ്രകാരം കരാറുകാർ നിറുത്തിവച്ച പണികൾ രണ്ടാഴ്ച കഴിഞ്ഞിട്ടും പുനരാരംഭിക്കുന്നത് തീരുമാനമായിട്ടില്ല.

# കുഴപ്പക്കാർ ഉദ്യോസ്ഥരാണെന്ന് ആരോപണം

സർക്കാർ നിർദേശിച്ച ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മാണമെന്ന് കരാറുകാർ പറയുന്നു. പൊതു മരാമത്ത് വകുപ്പ് നടത്തിയ ഗുണനിലവാര പരിശോധന ഫലങ്ങൾ ഇതിന് തെളിവാണ്. വകുപ്പിലെ ചില ഉദ്യോഗസ്ഥർ തമ്മിലുള്ള പ്രശ്നങ്ങളാണ് നിർമ്മാണത്തിൽ വീഴ്ച വന്നെന്ന പ്രചരണത്തിന് പിന്നിൽ. നിർമ്മാണത്തിന് ഏത് ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കുന്നതിനും തങ്ങൾക്ക് വിയോജിപ്പില്ല.

# തൊഴിലാളികൾ സ്ഥലംവിട്ടു

കോൺക്രീറ്റ് സാമ്പിളുകളുടെ പരിശോധനയിൽ ചിലതിൽ മാത്രമാണ് നേരിയ വ്യത്യാസങ്ങൾ കണ്ടത്. അവ അനുവദനീയമായ വ്യത്യാസം മാത്രമാണ്. സർക്കാർ നിർദ്ദേശിച്ച പ്രകാരമാണ് പണികൾ നിർത്തിയത്. സർക്കാർ അനുമതി ലഭിക്കാതെ പുനരാരംഭിക്കില്ലെന്ന് കരാറുകാർ പറഞ്ഞു.

ഗർഡറിന്റെ ഉൾപ്പെടെ ജോലികൾ നടക്കുന്നില്ല. തൊഴിലാളികളിൽ പലരും മറ്റു പണിയിടങ്ങളിലേയ്ക്ക് മാറി. 150 ലേറെപ്പേരാണ് പണിയെടുത്തിരുന്നത്. നിർമ്മാണം നിലച്ചെങ്കിലും നിർമ്മാണ യന്ത്രങ്ങൾക്ക് വൻവാടക നൽകേണ്ടിവരുന്നത് തങ്ങൾക്ക് സാമ്പത്തികബാദ്ധ്യത വരുത്തുമെന്ന് കരാറുകാർ പറഞ്ഞു.

# 80 ശതമാനം തീർന്നെന്ന് കരാറുകാർ

പൊതുമരാമത്ത് വകുപ്പിന്റെ കണക്കിൽ 73 ശതമാനം പണി പൂർത്തിയായെന്ന് പറയുന്നു. 80 ശതമാനം പണികളും തീർന്നതായി കരാറുകാർ അവകാശപ്പെടുന്നു. 43 കോടി രൂപയാണ് കരാറുകാർക്ക് ഇതുവരെ ലഭിച്ചത്. സമർപ്പിച്ച ബില്ലുകളുടെ 11 കോടി രൂപ ലഭിച്ചിട്ടില്ല.

# ഐ.ഐ.ടി റിപ്പോർട്ട് നിർണായകം

മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ട് ലഭിച്ചശേഷമേ പണി വീണ്ടും ആരംഭിക്കുന്നതിൽ സർക്കാർ തീരുമാനമെടുക്കൂവെന്നാണ് പി.ഡബ്ല്യു.ഡി വൃത്തങ്ങൾ പറയുന്നു. ഐ.ഐ.ടി വിദഗ്ദ്ധർ ഫ്ളൈ ഓവർ കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. കൊച്ചി സർവകലാശാലയുടെ എൻജിനീയറിംഗ് വിഭാഗത്തോട് കോൺക്രീറ്റിന്റെ ശക്തിയറിയാൻ കോർ ടെസ്റ്റ് നടത്താനും സർക്കാർ നിർദ്ദേശിച്ചു. നേരത്തെ കോതമംഗലം എം.എ കോളേജ് സിവിൽ എൻജിനീയറിംഗ് വിഭാഗം കോൺക്രീറ്റിംഗ് പരിശോധിച്ചിരുന്നു. കോൺക്രീറ്റിംഗിൽ നേരിയ വ്യത്യാസം കണ്ടെത്തിയെങ്കിലും ബലത്തെ ബാധിക്കില്ലെന്ന റിപ്പോർട്ടാണ് അവർ നൽകിയത്. ഇതേ നിലപാടാണ് സർക്കാരിനെങ്കിലും ഐ.ഐ.ടി റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ തീരുമാനമെടുക്കുക.