ആലുവ: കനത്ത മഴയിൽ ആലുവയിലെ പ്രധാന റോഡുകളും ഇടറോഡുകളുമെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ ഗതാഗതം സ്തംഭിച്ചു. നിരവധി കടകളിൽ വെള്ളം കയറി. റെയിൽവേ സ്റ്റേഷൻ - കെ.എസ്.ആർ.ടി.സി റോഡ്, ബൈപ്പാസിലെ പൂങ്കാവനം ടവർ, ബാങ്ക് കവല - മാർക്കറ്റ് റോഡ്, ബാങ്ക് കവല -ശ്രീകൃഷ്ണ ക്ഷേത്രം റോഡ്, സ്വകാര്യ ബസ് സ്റ്റാൻഡ് - കുന്നുംപുറം റോഡ്, കാരോത്തുകുഴി -പുളിഞ്ചോട് റോഡ്, തോട്ടക്കാട്ടുകര - വി.ഐ.പി റോഡ്, ചെമ്പകശേരി വാട്ടർ അതോറിട്ടി റോഡ്, തോട്ടുമുഖം - എടയപ്പുറം റോഡ് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. മഴക്കാലപൂർവ ശുചീകരണം ശരിയായ വിധത്തിൽ നടത്താതിരുന്നതാണ് നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം.
ആൽമരത്തിൽ നിന്ന് പുഴയിലേക്ക് ചാടിയയാളെ കണ്ടെത്തി
ആലുവ: മണപ്പുറം ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങുന്നതിനിടെ ക്ഷേത്രത്തിന് മുന്നിലെ ആൽമരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ ആൾ രക്ഷപ്പെട്ടു. കൊടുങ്ങല്ലൂർ സ്വദേശി കൃഷ്ണൻ എന്നയാളാണ് വെള്ളത്തിലേക്ക് ചാടിയത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഈ സമയം ക്ഷേത്രം വെള്ളത്തിൽ മുങ്ങി ജലനിരപ്പ് അതിവേഗം ഉയരുകയായിരുന്നു. ആൽത്തറ ഭാഗത്ത് നിന്ന് വെള്ളത്തിലൂടെ നടന്ന് ക്ഷേത്രത്തിന് മുന്നിലെത്തിയ കൃഷ്ണൻ പിന്നീട് മരത്തിലേക്ക് കയറുകയായിരുന്നു. ഈ സമയം മണപ്പുറം നടപ്പാലത്തിലും ആൽത്തറയിലും പൊലീസുകാരും നാട്ടുകാരും ഉണ്ടായിരുന്നു. പലരും ഉച്ചത്തിൽ വിളിച്ചുപറഞ്ഞിട്ടും ഇയാൾ മരത്തിൽ നിന്നിറങ്ങാൻ കൂട്ടാക്കിയില്ല. ചിലർ പിന്നീട് വഞ്ചിയിലെത്തി ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. മൂന്ന് മണിയോടെ പുഴയിലേക്ക് ചാടുകയായിരുന്നു. തുടർന്ന് നീന്തി കരയിൽ കയറി. ഇതിനിടെ ആലുവ ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് നൽകി വിട്ടയച്ചു.