കൊച്ചി: കൊച്ചിയെ സ്മാർട്ടാക്കി മാറ്റുന്നതിനുള്ള കേന്ദ്ര സ്മാർട്ട് സിറ്റി പദ്ധതിയുടെ കാലാവധി അടുത്ത മാർച്ച് 31 ന് അവസാനിക്കാനിരിക്കെ പദ്ധതി ഉഷാറാക്കാൻ അവസാനഘട്ടത്തിൽ കോർപ്പറേഷൻ ഭരണ സമിതിയുടെ ഇടപെടൽ. അഞ്ചാം റാങ്ക് നേടി സ്മാർട്ട് സിറ്റി പട്ടികയിൽ ഇടം നേടിയ കൊച്ചി ഇപ്പോൾ രണ്ടാം ഘട്ടത്തിൽ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരത്തേക്കാൾ ഏറെ പിന്നിലാണ്. കാലതാമസം ഒഴിവാക്കി പദ്ധതി വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും തദ്ദേശമന്ത്രി എ.സി. മൊയ്തീന്റെയും അദ്ധ്യക്ഷതയിൽ അവലോകന യോഗം വിളിച്ചുചേർക്കാൻ ആവശ്യപ്പെടുമെന്ന് മേയർ സൗമിനി ജെയിൻ സ്പെഷ്യൽ കൗൺസിൽ യോഗത്തിൽ അറിയിച്ചു.
സ്‌മാർട്ട് സിറ്റി പദ്ധതിയിൽ കൊച്ചിക്ക് ലഭിച്ച ഫണ്ട് പാഴായി പോകുമോ എന്ന് ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് കെ .ജെ ആന്റണി പ്രത്യേക കൗൺസിൽ വിളിച്ചു ചേർക്കണമെന്ന് മുൻ കൗൺസിൽ യോഗങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് വ്യാഴാഴ്ച വിളിച്ചു ചേർത്ത യോഗത്തിൽ സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കാൻ നിയോഗിക്കപ്പെട്ട സ്മാർട്ട് കൊച്ചി മിഷൻ ലിമിറ്റഡിന്റെ ( സി.എസ്.എം.എൽ )ഉദ്യോഗസ്ഥർ പദ്ധതിയുടെ നടത്തിപ്പ് വിശദീകരിച്ചു.
നഗരത്തിലെ സ്മാർട്ട് റോഡുകൾക്കായി 61.53 കോടി, പശ്ചിമ കൊച്ചിയിലെ റോഡുകൾക്ക് 30.31 കോടി ,
ഫോർട്ട് കൊച്ചി ആശുപത്രി പുതിയ ബ്ലോക്കിന് 4.82 കോടി , മട്ടാഞ്ചേരി ആശുപത്രി പുതിയ ബ്ലോക്കിന് 4.67 കോടി അടക്കം 14 പദ്ധതികളുടെ പണി തുടങ്ങിക്കഴിഞ്ഞതായി അവർ പറഞ്ഞു. രണ്ടെണ്ണത്തിന്റെ ടെണ്ടർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. 166 കോടിയുടെ പശ്ചിമകൊച്ചിയിലെ സീവേജ് പദ്ധതി, 72 കോടിയുടെ ഭൂമിക്കടിയിലൂടെയുള്ള കേബിളിടീൽ എന്നിവയുടെ ടെൻഡർ നടപടികൾ ആരംഭിച്ചു .
അതേസമയം ആദ്യ പദ്ധതിയായ ഹോസ്പിറ്റൽ റോഡ് നടപ്പാതയുടെ പണി ഇപ്പോഴും പൂർത്തിയാക്കാത്തതിൽ മേയർ അസംതൃപ്തി അറിയിച്ചു.
#പദ്ധതി വിലയിരുത്താൻ സബ്കമ്മറ്റി
പദ്ധതി വിലയിരുത്താൻ സബ്കമ്മറ്റിയും രൂപീകരിച്ചു. എല്ലാ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരും സ്മാർട്ട് സിറ്റി പരിധിയിൽ വരുന്ന ഡിവിഷനിലെ കൗൺസിലർമാരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സമിതി എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പ്രവർത്തനങ്ങൾ വിലയിരുത്തും.
# ആശങ്കയോടെ പ്രതിപക്ഷം
മൊത്തം 1697 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കേണ്ടത്. എന്നാൽ 310 കോടിയുടെ 14 പദ്ധതികൾ മാത്രമാണ് നടപ്പാക്കിയതെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് വി .പി. ചന്ദ്രൻ പറഞ്ഞു. പാർക്കിംഗാണ് നഗരത്തിലെ ഏറ്റവും വലിയ പ്രശ്‌നം. ഇത് പരിഹരിക്കാനായി കച്ചേരിപ്പടിയിൽ മൾട്ടി ലെവൽ പാർക്കിംഗിന് 100 കോടി രൂപ പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നു. എന്നാൽ അത് നടപ്പാക്കുന്നില്ല.
പദ്ധതിതുടെ പ്രവത്തനങ്ങളിൽ വേണ്ടവിധത്തിൽ മേൽനോട്ടം നടക്കുന്നില്ലെന്ന് ഡെപ്യൂട്ടി മേയർ ടി. ജെ. വിനോദ് പരാതിപ്പെട്ടു. ഇനി മെല്ലപ്പോക്ക് സമ്മതിക്കാനാകില്ല. മേൽനോട്ടം വഹിക്കാൻ ആരുമില്ലെന്ന അവസ്ഥ മാറണമെന്നും അദ്ദേഹം പറഞ്ഞു. ജോലിഭാരം കൊണ്ടു വലയുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സ്മാർട്ട് സിറ്റിയുടെ കൂടി ചുമതല ഏല്പിക്കുന്നത് കാലതാമസത്തിന് കാരണമാകുന്നതായി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ബി.സാബു പറഞ്ഞു.
# സ്മാർട്ട് സിറ്റി പദ്ധതികൾ
ആകെ പദ്ധതികൾ 44
പദ്ധതി തുക 2076 കോടി
വിശദമായ പദ്ധതി രൂപരേഖ(ഡിപിആർ) തയ്യാറായി കഴിഞ്ഞ പദ്ധതികൾ 34(954 കോടി)
ഇതുവരെ കരാർ നൽകിയ പദ്ധതികൾ 14 പദ്ധതികൾ(310.17 കോടി രൂപ)
ജോലി ആരംഭിച്ച പദ്ധതികൾ 11
ടെൻഡർ നടപടികൾ പുരോഗമിക്കുന്ന പദ്ധതികൾ 14
ഈ മാസം കരാർ നൽകാൻ തയ്യാറെടുക്കുന്ന പദ്ധതികൾ6(521 കോടി)