മൂവാറ്റുപുഴ : കനത്ത മഴയും മണ്ണിടിച്ചിലും അപകടങ്ങളും കിഴക്കൻ മേഖലയിൽ വീണ്ടും ഉണ്ടാകുന്ന സാഹചര്യത്തിൽ എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. അഭ്യർത്ഥിച്ചു. ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും, സന്നദ്ധപ്രവർത്തകരും ഏതു സാഹചര്യത്തേയും നേരിടാൻ കഴിയും വിധം പ്രവർത്തന സജ്ജരാകണം. വിദഗ്ദ്ധരുടെ ഉപദേശങ്ങളും അധികൃതരുടെ നിർദ്ദേശങ്ങളും പാലിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണിടിച്ചിൽ മുൻകൂട്ടി മനസ്സിലാക്കുവാൻ കഴിയുന്നിടത്തും അപകട സാദ്ധ്യതയുള്ളതുമായ സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുവാൻ മുന്നിട്ടിറങ്ങണം. വിമർശനത്തിനുള്ള സമയമല്ലിത്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഏത് അടിയന്തര സാഹചര്യത്തെയും നേരിടണം. കൃത്യതയില്ലാത്തതും ഉചിതമല്ലാത്തതുമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളിൽ ആശങ്ക ശ്രഷ്ടിക്കുന്നത് ഒഴിവാക്കുകയും ഗൗരവപൂർവം കാര്യങ്ങളെ സമീപിക്കുകയും ചെയ്യണമെന്നും എം.പി അഭ്യർത്ഥിച്ചു.