ആലുവ: പെരിയാറിലെ ചെളിയുടെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നത് വിശാല കൊച്ചിയുൾപ്പെടെയുള്ള ഭാഗത്തെ ശുദ്ധജലവിതരണത്തെ ബാധിച്ചേക്കും.

ഇന്നലെ രാവിലെ 40 എൻ.ടി.യു. (ടർബഡിറ്റി) വരെ കാണിച്ച അളവ് വൈകീട്ടായതോടെ മുന്നൂറിലെത്തി. വിതരണത്തിൽ കുറവ് വന്നിട്ടില്ലെങ്കിലും ഇതേ നില തുടർന്നാൽ വരും ദിവസങ്ങളിൽ ശുദ്ധീകരണം നിറുത്തി വെയ്‌ക്കേണ്ടി വരും. അഞ്ച് എൻ.ടി.യു.വിൽ താഴെ മാത്രമാണ് കുടിവെള്ളത്തിൽ ചെളിയുടെ അനുവദനീയ അളവ്. പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് 4.90 മീറ്റർ ഉയരത്തിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കൂടുതൽ ഉയർന്നാൽ പ്രളയ സമയത്തേത് പോലെ ജലശുദ്ധീകരണം പൂർണ്ണമായും നിറുത്തി വെയ്‌ക്കേണ്ടതായി വരും.