കൊച്ചി: നഗരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ സഭ്യേതരമായി പെരുമാറിയ സംഭവത്തിൽ മേഖലാ ട്രാൻസ്‌പോർട്ട് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എസ്. സുഹാസ് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് തേടി. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശത്തിന്റെയും ഫോട്ടോയുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ജി. അനന്തകൃഷ്ണന് കളക്ടർ നിർദേശം നൽകിയത്. ലിസി ആശുപത്രി ജംഗ്ഷനിൽ ഓട്ടോറിക്ഷ ഡ്രൈവർ പരസ്യമായി വസ്ത്രം ഉയർത്തിക്കാണിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഗതാഗത തടസമുണ്ടാക്കി വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് ഓട്ടോ ഡ്രൈവറുടെ പെരുമാറ്റമെന്നാണ് ആക്ഷേപം.