madaplathuruthu
മടപ്‌ളാതുരത്ത് വടശ്ശേരി ജോണിന്റെ വീടിന് മുകളിൽ മരം വീണ നിലയിൽ

താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ

മൂത്തകുന്നത്ത് വൈദ്യുതി വിതരണം നിലച്ചു.

പറവൂർ: വീണ്ടുമൊരു പ്രളയക്കെടുതിയുടെ ആശങ്ക പരത്തി പറവൂർ മേഖലയിൽ തോരാമഴ. പല താഴ്ന്ന പ്രദേശങ്ങളും വെള്ളകെട്ടിലായി. കാറ്റും വ്യാപക നാശനഷ്ടങ്ങളുണ്ടാക്കി.

വടക്കേക്കര, പുത്തൻവേലിക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, കോട്ടുവള്ളി, ഏഴിക്കര എന്നീ പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് രൂക്ഷം.

വെള്ളം കയറിയതുമൂലം ദേശീയ പാതയിൽ വാഹന ഗതാഗതം തടസപ്പെട്ടു. തെക്കെ നാലുവഴി, കെ.എം.കെ കവല, മുനിസിപ്പൽ കവല, കണ്ണൻകുളങ്ങര, മുനമ്പം കവല, വടക്കേക്കര, ചക്കുമരശേരി എന്നിവടങ്ങളിലാണ് ദേശിയ പാതയിൽ വെള്ളം നിറഞ്ഞത്.

ഉച്ചയ്ക്കുണ്ടായ കാറ്റിൽ വടക്കേക്കര പഞ്ചായത്തിലെ മട പ്ലാതുരുത്തിൽ വടശേരി ജോണിയുടെ വീടിന്റെ മുകളിൽ മരം വീണു. ഓടിന്റെ കഷ്ണങ്ങൾ പതിച്ച് അഞ്ചുവയസുകാരന് പരിക്കേറ്റു. ബുധനാഴ്ച രാത്രി 10 മണിയോടെ നിലച്ച വൈദ്യുതി വിതരണം ഇതുവരെ പുന:സ്ഥാപിയ്ക്കാനായിട്ടില്ല.
പുത്തൻവേലിക്കര പഞ്ചായത്തിലെ മാനഞ്ചേരിക്കുന്നിൽ രണ്ടു വീടുകളുടെ മുകളിൽ മരം വീണു. പറവൂർ മൂത്തകുന്നം റോഡ് പല ഭാഗത്തും വെള്ളത്തിനടിയിലാണ്. പെരിയാറിന്റെ തീരത്തുള്ള കരുമാല്ലൂർ മനയ്ക്കപ്പടിയിലും മറിയപ്പടിയിലും ആലങ്ങാട് പഞ്ചായത്തിലെ തിരുവാലൂരും ഏലൂരിൽ കുറ്റിക്കാട്ടുക്കര സ്‌കൂളിലും ക്യാമ്പുകൾ തുറന്നു.