sreeram

കൊച്ചി : ശ്രീറാം വെങ്കിട്ടരാമന് മജിസ്ട്രേട്ട് കോടതി ജാമ്യം നൽകിയതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ ചൊവ്വാഴ്ചയിലേക്ക് മാറ്റി.

ശ്രീറാം മദ്യപിച്ചാണ് കാറോടിച്ചതെന്നും ഇതു തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും നരഹത്യാക്കുറ്റം നിലനിൽക്കുമെന്നും സർക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി വാദിച്ചു. അമിത വേഗത്തിലാണ് കാർ ഓടിച്ചത്. ഡോക്ടറും സിവിൽ സർവീസ് ഉദ്യോഗസ്ഥനുമാണ് പ്രതി. മേഖലയിൽ പരമാവധി വേഗം 50 കിലോമീറ്ററാണെന്ന് അറിഞ്ഞുകൊണ്ടാണ് അമിത വേഗത്തിൽ കാറോടിച്ചതെന്നും സർക്കാർ വാദിച്ചു.

കാറിന്റെ ഇടതുവശമാണ് ഇടിച്ചതെന്നും ഇവിടെയിരുന്നതു കൊണ്ടാവാം ശ്രീറാമിന്റെ ഇടതു കൈയിൽ പരിക്കേറ്റതെന്നും വാദിച്ച പ്രതിയുടെ അഭിഭാഷകനോട് കാറോടിച്ചത് ശ്രീറാമല്ല എന്നാണോ പറയുന്നതെന്ന് കോടതി ചോദിച്ചു. അക്കാര്യം പ്രോസിക്യൂഷൻ പറയട്ടെയെന്ന് അഭിഭാഷകൻ മറുപടി നൽകി. ശ്രീറാമാണ് കാറോടിച്ചതെന്ന മറ്റൊരു പ്രതി വഫയുടെ മൊഴി മജിസ്ട്രേട്ട് മുമ്പാകെ രേഖപ്പെടുത്തിയത് വിചിത്രമാണ്. മദ്യത്തിന്റെ മണമുണ്ടെന്ന റിപ്പോർട്ട് കോടതി ചൂണ്ടിക്കാട്ടിയപ്പോൾ രക്തപരിശോധനയിൽ തെളിവില്ലെന്നും നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു. പത്തു മണിക്കൂറിനു ശേഷം പരിശോധിച്ചാൽ തെളിവുണ്ടാവില്ലെന്ന് കോടതി പറഞ്ഞു. സർക്കാരിന്റെ ഹർജി മാദ്ധ്യമങ്ങളുടെ മുറവിളിയെത്തുടർന്നാണെന്നും അഭിഭാഷകൻ പറഞ്ഞു. മദ്യപിച്ചതിന് തെളിവില്ലെങ്കിൽ നരഹത്യാക്കുറ്റം എങ്ങനെ നിലനിൽക്കുമെന്ന് കോടതിയും ചോദിച്ചു.

 ക്രാഷ് ടെസ്റ്റ് നടത്തുമെന്ന് സർക്കാർ

ശ്രീറാം അത്യാധുനിക കാറാണ് ഓടിച്ചതെന്നും അമിതവേഗം റെക്കാഡ് ചെയ്യാൻ അതിൽ സംവിധാനമുണ്ടാകുമെന്നും സ്റ്റേറ്റ് അറ്റോർണി വാദിച്ചു. അപകടത്തിന്റെ വിവരങ്ങൾക്കായി ക്രാഷ് ടെസ്റ്റ് നടത്തും. ഇതിന് കോടതിയുടെ അനുമതി തേടും. ഈ റിപ്പോർട്ട് എന്നു നൽകുമെന്ന കോടതിയുടെ ചോദ്യത്തിന് രേഖകളും തെളിവുകളും ശേഖരിക്കുകയാണെന്നായിരുന്നു സർക്കാരിന്റെ മറുപടി.

തിരുവനന്തപുരത്തല്ലേ, ഒറ്റപ്പെട്ട പ്രദേശത്തൊന്നുമല്ലല്ലോ സംഭവം നടന്നതെന്ന് കോടതി ചോദിച്ചു. ശ്രീറാമിനെ ചോദ്യം ചെയ്തില്ലേയെന്ന ചോദ്യത്തിന് പ്രതിക്ക് അംനേഷ്യയാണെന്ന് സ്റ്റേറ്റ് അറ്റോർണി മറുപടി നൽകി. ഇതു മാദ്ധ്യമ റിപ്പോർട്ട് ആണെന്നും ഇതു സംബന്ധിച്ച് അറിവില്ലെന്നും ശ്രീറാമിന്റെ അഭിഭാഷകൻ വ്യക്തമാക്കി.