കൊച്ചി : നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിന്റെ അന്വേഷണ രീതി അപലപനീയമാണെന്നും കൃത്യതയില്ലാത്ത അന്വേഷണമാണ് നടക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാർ മരിച്ച കേസിൽ പ്രതിയായ എസ്.ഐ കെ.എ. ഷാബു നൽകിയ ജാമ്യാപേക്ഷയിലാണ് സിംഗിൾബെഞ്ചിന്റെ വാക്കാലുള്ള വിമർശനം.കഴിഞ്ഞ ദിവസവും പൊലീസിനെ ഹൈക്കോടതി വിമർശിച്ചിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ഇതുവരെ പരിശോധിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനയ്ക്കു ശേഷം അന്വേഷണ ഉദ്യോഗസ്ഥർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ മതിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അന്വേഷണത്തിന്റെ ബാലപാഠം പോലും അറിയാത്തയാളാണ് ആ ഉദ്യോഗസ്ഥനെന്നും ഹൈക്കോടതി വിമർശിച്ചു.ജയിലിലേയും പൊലീസ് സ്റ്റേഷനിലേയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചോയെന്ന കോടതിയുടെ ചോദ്യത്തിന് ,ഉപകരണങ്ങളടക്കം ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തിയിട്ട് നോക്കിയാൽ മതിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശമുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. തുടർന്നാണ് കോടതി ഇക്കാര്യം വാക്കാൽ പറഞ്ഞത്.
കേസിൽ രാജ്കുമാറിനെ ഹാജരാക്കിയപ്പോഴുള്ള മജിസ്ട്രേട്ട് കോടതിയുടെ നടപടി രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും സാബുവിനെ ഹാജരാക്കിയപ്പോഴുള്ള രേഖകളാണ് ഇന്നലെ നൽകിയത്. തുടർന്ന് രാജ്കുമാറിന്റെ രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ച് ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
ഉൗഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് സാബുവിനെ പ്രതി ചേർത്തത്. സി.സി. ടി.വി ദൃശ്യങ്ങളില്ലാതെ കസ്റ്റഡി മരണത്തിന്റെ പേരിൽ എങ്ങനെയാണ് ഹർജിക്കാരനെ പ്രതി ചേർത്തത്. ന്യുമോണിയയാണ് മരണകാരണമെന്ന് ആദ്യ പോസ്റ്റ് മോർട്ടത്തിൽ പറയുമ്പോൾ മർദ്ദനത്തെത്തുടർന്നുള്ള രക്തസ്രാവമാണ് മരണ കാരണമെന്ന് രണ്ടാം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇത്തരത്തിലുള്ള അന്വേഷണമല്ല പൊലീസിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന്. ഹൈക്കോടതി പറഞ്ഞു.