ആലുവ: നാല് ദിവസം നിർത്താതെ പെയ്ത മഴയ്ക്ക് ഇന്നലെ ചെറിയ ശമനമുണ്ടായതിനെ തുടർന്ന് പെരിയാറിലെ ജലനിരപ്പ് താഴ്ന്നു. വ്യാഴാഴ്ച രാത്രി 11 മണിക്ക് പെരിയാറിൽ രേഖപ്പെടുത്തിയ ജലനിരപ്പിനേക്കാൾ ഇന്നലെ രാവിലെ ഒരടിയും വൈകുന്നേരമായപ്പോൾ രണ്ടരടിയോളവും താഴ്ന്നു.
അതേസമയം ഗ്രാമീണ മേഖലകളിലെയും പാടശേഖരങ്ങളിലെയും ജലനിരപ്പ് നേരിയ തോതിലെങ്കിലും ഉയർന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. പെരിയാർ കരകവിഞ്ഞൊഴുകി ആലുവ മണപ്പുറം ആൽത്തറയിൽ നിന്നും മണപ്പുറം - തോട്ടക്കാട്ടുകര റോഡിലേക്ക് വെള്ളം കയറാൻ ഒരടി മാത്രം അവശേഷിക്കേയാണ് ജനങ്ങൾക്ക് ആശ്വാസമായി വെള്ളം താഴ്ന്നത്.
വ്യാഴാഴ്ച്ച രാത്രി തന്നെ തോട്ടക്കാട്ടുകര - മണപ്പുറം റോഡിലെ കടത്തുകടവും മുങ്ങി റോഡിലേക്ക് നേരിയതായി വെള്ളം കയറിയിരുന്നു. ഇന്നലെ രാവിലെ ഇവിടെയും വെള്ളമിറങ്ങി.
തോട്ടക്കാട്ടുകരയിലെ ഷാഡി ലൈനിൽ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. വ്യാഴാഴ്ച്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി താമസക്കാരെല്ലാം ബന്ധുവീടുകളിലേക്ക് പാലായനം ചെയ്തു. അശാസ്ത്രീയമായ കാന നിർമ്മാണമാണ് ഇവിടത്തെ മുഖ്യപ്രശ്നം.