നെടുമ്പാശേരി: പാറക്കടവ് പഞ്ചായത്തിലെ എളവൂർ സെന്റ് മേരീസ് പള്ളിക്ക് സമീപം വെള്ളം കയറിയ 30 വീടുകളിൽ നിന്ന് നൂറോളം പേരെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. ചാലക്കുടിപ്പുഴയിലെ വെള്ളം ഉയർന്നതാണ് പ്രശ്നമായത്. ശക്തമഴയെ തുടർന്ന് ഇന്നലെ രാവിലെയോടെ വീടുകളിലേക്ക് വെള്ളം കയറിയിരുന്നു. അങ്കമാലി ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് സുരക്ഷിതമായി ഇവരെ വീടിന് പുറത്തെത്തിച്ചത്. ഫയർഫോഴ്‌സിന്റെ ഫൈബർ വള്ളങ്ങളുടെയും നാട്ടുകാർ സംഘടിപ്പിച്ച വീപ്പകൾ കെട്ടിയ വള്ളങ്ങളുടെയും സഹായത്തോടെയാണ് ഇവരെ പുറത്തെത്തിച്ചത്. ഇവരെ പിന്നീട് ക്യാമ്പിലേക്ക് മാറ്റി. പാറക്കടവ് പഞ്ചായത്തിൽ മാത്രം പത്തോളം ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. മഴ തുടർന്നാൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട അവസ്ഥയാണ്.