ആലുവ: നഗരത്തിൽ തോട്ടക്കാട്ടുകര, ചെമ്പകശേരി, പുളിഞ്ചോട് മേഖലയിൽ വെള്ളം കയറി ജനജീവിതം ദുരിതമയമായി. തോട്ടക്കാട്ടുകര പ്രിയദർശനി ടൗൺഹാളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചതായി ചെയർപേഴ്‌സൺ ലിസി എബ്രഹാം അറിയിച്ചു. ആലുവ നഗരസഭയിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഫോൺ: 2623755, 2633758.
നഗരത്തിൽ ഷാഡി ലൈനിലാണ് കൂടുതൽ പേർ ദുരിതത്തിലായത്. വി.ഐ.പി ലൈനിലും സ്ഥിതി സമാനമാണ്. ഇന്നലെ വെള്ളം കയറിയ ബൈപ്പാസ് മേൽപ്പാലത്തിനടിയിൽ രാവിലെ വെള്ളക്കെട്ട് ഒഴിഞ്ഞു. എന്നാൽ ചൂർണിക്കര, കടുങ്ങല്ലൂർ, കീഴ്മാട് പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രണ്ടാം ദിവസവും തുടരുന്നു. പഞ്ചായത്തുകൾ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ ജില്ലാ ഭരണകൂടത്തിന്റെ മുൻകരുതലുകളുടെ ഭാഗമായി രണ്ട് വള്ളങ്ങൾ ആലുവയിൽ എത്തിച്ചു. പ്രളയബാധിത സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി ട്രെയിലർ ലോറിയിലാണ് ഇവ കൊണ്ടുവന്നത്.
ചൂർണിക്കര പഞ്ചായത്തിൽ മൂന്ന് ക്യാമ്പുകൾ
ആലുവ: പ്രളയത്തെ തുടർന്ന് ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വ്യാഴാഴ്ച വൈകിട്ട് എസ്.പി.ഡബ്ല്യു സ്‌കൂളിൽ ക്യാമ്പ് തുടങ്ങി. കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറിയതോടെയാണ് മറ്റ് ക്യാമ്പുകളും തുറന്നത്. പല ഭാഗങ്ങളിലും റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസപ്പെട്ടു.
കുന്നത്തേരി മുട്ടം ലയോള പ്രദേശങ്ങളിലെ നിരവധി വീടുകളിൽ കനത്തമഴയിൽ വെള്ളം കയറി. കുന്നത്തേരി അമ്പാട്ടുകാവ് റോഡ് വെള്ളക്കെട്ടിലായി. ചൂർണിക്കര പ്രാഥമിക ആരോഗ്യകേന്ദ്രവും വെള്ളക്കെട്ടിലാണ്. ചികിത്സ ലഭിക്കാതെ രോഗികൾ ദുരിതത്തിലാണ്. പൈപ്പ് ലൈൻ റോഡും വെള്ളത്തിനടിയിലായി. ചൂർണിക്കര - കളമശേരി അതിർത്തി പങ്കിടുന്ന പൈപ്പ് ലൈൻ റോഡിലെ മുതലക്കുഴി ഭാഗം വെള്ളത്തിലാണ്. ഇതേത്തുടർന്ന് അപകടകരമായ രീതിയിലാണ് കുടിവെള്ള പൈപ്പിന് മുകളിലൂടെ ആളുകൾ നടക്കുന്നത്.
കുന്നത്തേരി - കോമ്പാറ റോഡും വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ പ്രളയത്തിന്റെ ഓർമ്മയിൽ കുന്നത്തേരി ജംഗ്ഷനിലെ പച്ചക്കറി കടകളിലും പലചരക്ക് കടകളിലും സാധനങ്ങൾ വാങ്ങാൻ പതിവിലേറെ തിരക്കായിരുന്നു. നിത്യോപയോഗ സാധനങ്ങൾ രാവിലെ 11 മണിയോടെ തീർന്നു. വെള്ളപ്പൊക്ക ഭീഷണിയുള്ള കുടുംബംഗങ്ങൾ പലരും ബന്ധുക്കളുടെ വീടുകളിലേക്ക് മാറിത്തുടങ്ങി.