കൊച്ചി : മറൈൻ ഡ്രൈവിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ പൊലീസ് കമ്മിഷണർ നൽകിയ നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനു തീരുമാനമെടുത്ത് കൊച്ചി നഗരസഭാ സെക്രട്ടറിയും ജി.സി.ഡി.എ സെക്രട്ടറിയും നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

ആഗസ്റ്റ് 14 ന് വീണ്ടും ഹർജി പരിഗണിക്കുമ്പോൾ ഇരുവരും ഹാജരാകാനാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. മറൈൻഡ്രൈവിന്റെ ശോച്യാവസ് പരിഹരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് എൻവയോൺമെന്റൽ മോണിട്ടറിംഗ് ഫോറത്തിൽ അംഗമായ രഞ്ജിത്ത്. ജി. തമ്പിയുടെ ഹർജിയാണ് പരിഗണിക്കുന്നത്.

വിശദീകരണം നൽകാൻ സിറ്റി പൊലീസ് കമ്മിഷണർ, ജി.സി.ഡി.എ, കൊച്ചിൻ കോർപ്പറേഷൻ എന്നിവർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മറൈൻഡ്രൈവ് വാക്ക് വേ ജി.സി.ഡി.എയുടെ പരിധിയിലുള്ളതാണെന്ന നിലപാടാണ് കൊച്ചി നഗരസഭ സ്വീകരിച്ചത്. ഇവിടുത്തെ വൈദ്യുതി വിളക്കുകളുടെ ചുമതല ആർക്കാണെന്ന് ഹൈക്കോടതി ആരാഞ്ഞപ്പോൾ വ്യക്തമായ മറുപടി നൽകാൻ ഇരുവർക്കും കഴിഞ്ഞില്ല. തുടർന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നൽകിയ നിർദ്ദേശങ്ങളിൽ നടപടിക്ക് സെക്രട്ടറിമാർ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടത്.

പകൽ രണ്ട് വനിതാ പൊലീസുകാർ ഉൾപ്പെടെ നാലുപേരെയും രാത്രിയിൽ രണ്ട് സിവിൽ പൊലീസുകാരെയും വാക്ക് വേയിൽ നിയോഗിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറേ സ്റ്റേറ്റ്മെന്റ് നൽകി. മാലിന്യം നിക്ഷേപിച്ചതിനും സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തിയതിനും നാലു കേസുകൾ രജിസ്റ്റർ ചെയ്തെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.

പൊലീസ് കമ്മിഷണറുടെ നിർദ്ദേശങ്ങൾ

 വാക്ക് വേയിൽ മതിയായ വെളിച്ചം ഒരുക്കണം

 സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണം

 ഇളകിപ്പോയ ടൈലുകൾ പുന: സ്ഥാപിക്കണം

 വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം.

 വിവിധ ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകൾ വേണം

 അനധികൃത കച്ചവടക്കാരെ ഒഴിവാക്കണം

 വഴിയോരക്കച്ചവടക്കാർക്ക് പ്രത്യേകം സ്ഥലം തിരിച്ചു നൽകണം

 ടോയ്ലെറ്റ് സൗകര്യം വേണം

 പുല്ലും കുറ്റിക്കാടുകളും വെട്ടിത്തെളിച്ച് വഴി വൃത്തിയാക്കണം

 കോർപ്പറേഷൻ കെട്ടിടത്തിന്റെ നിർമ്മാണം സ്ക്രീൻ വച്ചു മറയ്ക്കണം

 വിളക്കുകളും ക്യാമറയും അറ്റകുറ്റപ്പണി ചെയ്ത് സംരക്ഷിക്കാൻ ഏജൻസി വേണം.

മറൈൻഡ്രൈവിനെ 'രാജ്ഞിയുടെ

നെക്ക്ലേസാ'ക്കുമെന്ന് (ക്യൂൻസ് നെക്ലേസ്) ജി.സി.ഡി.എ

വാക്ക് വേയുടെ കിഴക്കുവശത്ത് കെട്ടിടങ്ങളോടു ചേർന്ന് ടൈലുകളില്ലാത്ത സ്ഥലത്ത് കല്ലു പാകി ലാൻഡ്സ്കേപ്പ് ഒരുക്കി കസേരകൾ സ്ഥാപിക്കുമെന്നും മറൈൻ ഡ്രൈവിന് 'ക്യൂൻസ് നെക്ലേസ് 'എന്ന സങ്കല്പത്തിലേക്ക് എത്തിക്കുമെന്നും സൂപ്രണ്ടിംഗ് എൻജിനീയർ ജെബി ജോൺ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. മുംബയിലെ മറൈൻഡ്രൈവിനെയാണ് 'ക്യൂൻസ് നെക്ളേസ് 'എന്നു വിളിക്കുന്നത്. ഡർബാർ ഹാളിൽ നിന്ന് മംഗളവനത്തിലേക്ക് ഒരു തുറന്ന ഇടനാഴിയെന്ന പദ്ധതിയുമായി കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് സമീപിച്ചിട്ടുണ്ട്. രാജേന്ദ്ര മൈതാനം മുതൽ നോർത്തിലെ ടാറ്റ കനാൽ വരെയുള്ള ഇടനാഴിയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതാണ് പദ്ധതി. 7.1 കോടി രൂപ ചെലവു വരുന്ന പദ്ധതിയുമായി ജി.സി.ഡി.എ മുന്നോട്ടു പോവുകയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.