വൈപ്പിൻ: കനത്ത മഴയെത്തുടർന്ന് വൈപ്പിൻ കരയിലെ താഴ്‌ന പ്രദേശങ്ങൾ വെള്ളത്തിലായി. 112 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടി. 378 പേരാണ് ക്യാമ്പുകളിലുള്ളത്. നായരമ്പലം വെളിയത്താംപറമ്പ് ദേവി വിലാസം യു.പി സ്‌കൂൾ, ഞാറയ്ക്കൽ മേരിമാതാ കോളേജ്, പെരുമ്പിള്ളി അസീസി സ്‌കൂൾ, മാലിപ്പുറം സെന്റ് പീറ്റേഴ്‌സ് സ്‌കൂൾ , എടവനക്കാട് യു.പി സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. ഞാറക്കൽ ബന്ധർ കനാലിൽ നിന്ന് മാലിപ്പുറം ബന്ധർ കനാൽ വരെയുള്ള വേലൻതോട് പലയിടത്തും മൂടിക്കിടക്കുന്നതിനാൽ ഇത്തവണ ഞാറക്കൽ എളങ്കുന്നപ്പുഴയുടെ കിഴക്കൻ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്.

ക്യാമ്പുകളിൽ മരുന്ന്, ഭക്ഷണം എന്നിവ ക്രമീകരിക്കുന്നതിന് ബന്ധപെട്ട വില്ലേജ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് തഹസിൽദാർ അറിയിച്ചതായി എസ്. ശർമ്മ എം.എൽ.എ പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാൽ വള്ളങ്ങൾ വിട്ട് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. വിവിധ മത്സ്യസംഘം പ്രസിഡന്റുമാർ, ജനപ്രതിനിധികൾ എന്നിവരുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്.


വൈപ്പിനിലെ രക്ഷാസൈന്യം തയ്യാർ

വൈപ്പിൻ: ആവശ്യമായി വന്നാൽ ഏതു സമയത്തും രക്ഷാപ്രവർത്തനത്തിന് സജ്ജമായി വൈപ്പിനിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുണ്ട്. ആലുവ, പറവൂർ എന്നിവിടങ്ങളിലേക്ക് രണ്ട് വള്ളങ്ങൾ വീതവും ഏലൂരിലേക്ക് മൂന്ന് വള്ളവും ഇന്നലെ ഉച്ചയോടെ പുറപ്പെട്ടു. ഇന്നും മഴ തുടരുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് കൂടുതൽ വള്ളങ്ങൾ ഇന്ന് സജ്ജമാക്കാൻ നിർദേശമുണ്ട്. മട്ടാഞ്ചേരി മോട്ടോർ വാഹനവകുപ്പ് ഓഫീസിൽ നിന്ന് ഏർപ്പാട് ചെയ്ത വാഹനങ്ങളിൽ കാളമുക്ക് ഹാർബറിൽ നിന്നാണ് വള്ളങ്ങൾ കയറ്റിയത്.