കൊച്ചി : കനത്ത മഴ ശമിക്കുകയും പെരിയാറിലെ ജലനിരപ്പ് കുറയുകയും ചെയ്തതോടെ എറണാകുളം ജില്ലയിൽ പ്രളയഭീതി അയഞ്ഞു. ജില്ലയിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചു. നൂറുകണക്കിന് വീടുകളിലും സ്ഥാപനങ്ങളിലും കയറിയ വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ല. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് കുറയാത്തത് മൂവാറ്റുപുഴ, പിറവം മേഖലകളിൽ ദുരിതം വിതച്ചു. നിരവധിപേരെ ക്യാമ്പുകളിലേയ്ക്ക് മാറ്റി.

രണ്ടു ദിവസം തുടർച്ചയായി പെയ്ത മഴ ഇന്നലെ ഉച്ചയോടെയാണ് ശമിച്ചത്. ഇടമലയാർ, ഭൂതത്താൻകെട്ട് അണക്കെട്ടുകളിൽ നിന്നുള്ള വെള്ളം പെരിയാറിലൂടെ ഒഴുകിയെത്തി. ഉച്ചയോടെ പെരിയാറിലും ജലനിരപ്പ് താഴ്ന്നുതുടങ്ങി. വൈകിട്ടോടെ പ്രളയഭീതി ഒഴിയുകയും ചെയ്തു. പെരിയാർ തീരത്തെ ആലുവ, മുപ്പത്തടം, കടുങ്ങല്ലൂർ, കയന്റിക്കര, വരാപ്പുഴ, പറവൂർ മേഖലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. കായലിൽ വേലിയേറ്റം നിലനിന്നതിനാൽ പുഴയുടെ കൈവഴികളിലൂടെയും തോടുകളിലൂടെയും വെള്ളം പറമ്പുകളിലേയ്ക്ക് പരക്കുകയായിരുന്നു. ഇന്ന് വേലിയിറക്കം ആരംഭിച്ചാലേ വെള്ളം പൂർണമായി ഇറങ്ങൂവെന്ന് നാട്ടുകാർ പറഞ്ഞു.

മലങ്കര അണക്കെട്ടിൽ നിന്ന് തുറന്നുവിട്ട വെള്ളമാണ് മൂവാറ്റുപുഴയിൽ ദുരിതം നൽകിയത്. ടൗണിലെ മാർക്കറ്റ് ഉൾപ്പെടെ നിരവധി ഭാഗങ്ങളിൽ വെള്ളം കയറി. നിരവധി വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. വ്യാഴാഴ്ച രാത്രി തന്നെ സാധനങ്ങൾ മാറ്റിയതിനാൽ വലിയ നാശനഷ്ടമില്ല.

ജാഗ്രത തുടരുന്നു

ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ രക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. വെള്ളം കയറിയ മേഖലകളിലെ താമസക്കാരെ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചു. രക്ഷാ പ്രവർത്തനങ്ങൾക്ക് മത്സ്യബന്ധന ബോട്ടുകൾ, ആംബുലൻസുകൾ തുടങ്ങിയ ഉൾപ്പെടെ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് അവശ്യസാധനങ്ങൾ സപ്ലൈകോ വിതരണം ചെയ്തു.
അടിയന്തരസേവനം ആവശ്യമായ വകുപ്പുകളിലെ ജീവനക്കാർക്ക് അടുത്ത ദിവസങ്ങളിൽ അവധി റദ്ദാക്കി. കാക്കനാട്ട് കളക്ടറേറ്റിലെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ ജീവനക്കാരെ വിന്യസിച്ചു. ക്യാമ്പുകളിൽ ഡോക്ടറുടെ സേവനം ആരോഗ്യ വകുപ്പ് ഒരുക്കി.

ജില്ലയുടെ കിഴക്കൻ മേഖലയിൽ ഗതാഗതം പൂർണമായി പുന:സ്ഥാപിച്ചില്ല. മൂവാറ്റുപുഴ - കോതമംഗലം, കോതമംഗലം - അടിമാലി, കോതമംഗലം - ഇടുക്കി റോഡുകളിൽ പലയിടത്തും മണ്ണിടിഞ്ഞുവീണ തടസങ്ങൾ തുടരുകയാണ്. മൂന്നാർ ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് വാഹനങ്ങൾ പോകുന്നില്ല.

ക്യാമ്പുകളുടെ വിവരങ്ങൾ

താലൂക്ക്, എണ്ണം, കുടുംബം, അന്തേവാസികൾ ക്രമത്തിൽ

ആലുവ : 40 - 780 - 2,083

പറവൂർ : 48- 1,365 - 10,585

കുന്നത്തുനാട് : 10 - 105 - 583

മൂവാറ്റുപുഴ : 16 - 40 - 474

കോതമംഗലം : 7 - 72 - 263

കണയന്നൂർ : 7 - 120 -378

കൊച്ചി : 5 - 122 - 378

ആകെ 133 -2,604 - 14,744