പെരിയാറിന്റെ കലി തിരിച്ചറിഞ്ഞു, കുടുംബങ്ങൾ നേരത്തെ വഴിമാറി
കൊച്ചി: വിജയന്റെ കണ്ണുകളിൽ നിന്നൊഴുകിയ ഓരോ തുള്ളി കണ്ണീരും ദുരിതപെയ്‌ത്തായിരുന്നു. വീടിനു ചുറ്റും കലിതുള്ളിയെത്തിയ വെള്ളത്തിലൂടെ ആ മനുഷ്യൻ നീന്തികൊണ്ടേയിരുന്നു. വീടിന് വല്ല കുഴപ്പവുമുണ്ടായെന്ന് നോക്കാനാണ് തണുത്ത് മരച്ച വെള്ളത്തിലൂടെയുള്ള പരക്കം പാച്ചിൽ. കലങ്ങിമറിഞ്ഞു കിടക്കുന്ന വെള്ളത്തിനു മീതേ മഞ്ഞയും റോസും നിറങ്ങളിൽ എറണാകുളം മുപ്പത്തടം കയന്റിക്കര വലിയമാക്കൽ വിജയന്റെ വീട് കാണാം.
കഴിഞ്ഞ പ്രളയത്തിൽ തകർന്ന വീട് അടുത്തകാലത്താണ് ദുരിതാശ്വാസ ധനസഹായമായി കിട്ടിയ 60,000 രൂപയ്‌ക്ക് പുതുക്കി പണിതത്. പെയിന്റടിച്ചത് ഈയിടെ. ഇപ്പോൾ വീട്ടിൽ കഴുത്ത് മുങ്ങാൻ വെള്ളമുണ്ട്. ശക്തമായ ഒഴുക്കുള്ളതിനാൽ ചെളിയും മണലും അടിയുന്നുണ്ട്. വിജയന് ഒറ്റ പ്രാർത്ഥനയേയുള്ളൂ 'വീടിന് ഒന്നും പറ്റരുതേ'. കുടുംബത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പറഞ്ഞുവിട്ടിട്ടാണ് വീടിന് കാവൽ.
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പെരിയാറിന്റെ തീരത്തുള്ള ഇവർ സഹിച്ച ദുരിതത്തിന് കണക്കില്ല. ടെറസിൽ കുടുങ്ങിയവർക്ക് മൂന്നു ദിവസത്തിനു ശേഷമാണ് പുറംലോകം കാണാനായത്. അതിനാൽ ഇത്തവണ പെരിയാറിന്റെ സ്വഭാവ മാറ്റം തിരിച്ചറിഞ്ഞയുടൻ മിക്ക കുടുംബങ്ങളും സുരക്ഷിത ഇടങ്ങൾ തേടി പലായനം ചെയ്‌തു. അത്യാവശ്യ സാധനങ്ങൾ പെറുക്കി വീട് തുറന്നിട്ടായിരുന്നു യാത്ര. മുപ്പത്തടം കയന്റിക്കര പാലറ തുരുത്ത്, ചെങ്ങമനാട് പ്രദേശങ്ങളിലെ കാഴ്ചകളാണിത്.
കഴിഞ്ഞ പ്രളയത്തിൽ പെരിയാറിൽ മണലും ചെളിയും അടിഞ്ഞുകൂടിയതോടെ സംഭരണ ശേഷി കുറഞ്ഞു. ഇതോടെയാണ് വളരെ വേഗത്തിൽ വെള്ളം താഴ്ന്ന പ്രദേശങ്ങളിൽ കയറിയത്. ദുരിത ഓർമ്മകളുള്ളതിനാൽ ആരും ടെറസിൽ കയറി തമ്പടിക്കാൻ ഇത്തവണ ശ്രമിച്ചില്ല. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയംതേടി.താഴ്ന്ന് കിടക്കുന്ന പാടശേഖരങ്ങളിലൂടെയാണ് വെള്ളം കുത്തിയൊഴുകുന്നത്. മഴ കുറഞ്ഞെങ്കിലും വെള്ളം താഴാത്തത് ജനങ്ങളിൽ ഭീതിയുളവാക്കുന്നു. പെരിയാറിൽ വെള്ളത്തിന്റെ അളവിൽ നേരിയ കുറവുമുണ്ട്. കടലിൽ വേലിയേറ്റമായതിനാൽ വെള്ളം ഉള്ളിലേക്ക് വലിക്കുന്നില്ല. ഇന്ന് രാവിലെയോടെ വെള്ളം ഇറങ്ങി തുടങ്ങുമെന്നാണ് കുടുംബങ്ങളുടെ പ്രതീക്ഷ.
പാലറ തുരുത്തിൽ കുടുങ്ങിയ കിടന്ന 15 കുടുംബങ്ങളെ നാട്ടുകാരാണ് മൂന്നു മണിക്കൂറുകൊണ്ട് പുറം ലോകത്തെത്തിച്ചത്. വ്യാഴാഴ്ച രാത്രി വേഗത്തിൽ വെള്ളം കയറിയതോടെ ഇവർക്ക് പുറത്തു കടക്കാനായില്ല. മുങ്ങിക്കിടക്കുന്ന പാടത്തിന്റെ നടുവിലൂടെയാണ് ഇപ്പോൾ പെരിയാറൊഴുകുന്നത്. കയന്റിക്കരയിൽ കുടുങ്ങിയവരെ അഗ്നിശമന സേന വടംകെട്ടിയാണ് ശക്തമായ ഒഴുക്കിലൂടെ സുരക്ഷിത സ്ഥലത്തെത്തിച്ചത്.