മൂവാറ്റുപുഴ: ദുരിതാശ്വാസ ക്യാമ്പുകളിൽ കർമ നിരതരായി ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ സംഘം . മൂവാറ്റുപുഴ ജനറലാശുപത്രി സൂപ്രണ്ട് ഡോ: ആശ വിജയൻ, കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിലെ ഡോ: സുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള ദ്രുത പ്രതികരണ മെഡിക്കൽ സംഘമാണ് പ്രളയ ബാധിത മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സജീവ പ്രവർത്തനം നടത്തുന്നത് . ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ശുചിത്വം ഉറപ്പാക്കിയ സംഘം രോഗികളെ പരിശോധിച്ച് മരുന്നുകളും നൽകി. വരും ദിവസങ്ങളിലും പ്രവർത്തനം തുടരും. ഏത് സാഹചര്യത്തേയും നേരിടാനായി മുവാറ്റുപുഴ ജനറലാശുപത്രിയിലെ അത്യാഹിത വിഭാഗം സജ്ജമാക്കി. കഴിഞ്ഞ പ്രളയ കാലത്തും മൂവാറ്റുപുഴ ജനറലാശുപത്രിയിലെ ജീവനക്കാരുടെ സേവനം പ്രശംസനേടിയിരുന്നു.