കൊച്ചി : നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസിലെ പ്രതി ഉതുപ്പ് വർഗ്ഗീസിന് മകളെ വിദഗ്ദ്ധ ചികിത്സക്ക് വെല്ലൂരിലേക്ക് കൊണ്ടുപോകാൻ ജാമ്യ വ്യവസ്ഥയിൽ കോടതി ഇളവ് അനുവദിച്ചു. കേരളം വിട്ട് പുറത്തു പോകരുതെന്ന ജാമ്യ വ്യവസ്ഥയിൽ ആഗസ്റ്റ് എട്ടു മുതൽ രണ്ടാഴ്ചത്തേക്കാണ് ഇളവ് അനുവദിച്ചത്. ഇൗ ആവശ്യം ഉന്നയിച്ച് ഉതുപ്പ് വർഗ്ഗീസ് നൽകിയ അപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇളവു നൽകിയത്. ഭാര്യയും മറ്റു മക്കളും അബുദാബിയിലാണെന്നും മകൾക്കൊപ്പം പോകാൻ താൻ മാത്രമേയുള്ളൂവെന്നും ഉതുപ്പിന്റെ അപേക്ഷയിൽ പറഞ്ഞിരുന്നു. കുവൈറ്റിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിൽ വൻതുക കമ്മിഷനായി തട്ടിയെടുത്തെന്ന കേസിലാണ് ഉതുപ്പ് അറസ്റ്റിലായത്. പിന്നീട‌് 2018 ജൂലായ് 25 ന് ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.