അങ്കമാലി: പെയ്ത്തുവെള്ളം ഇറങ്ങിത്തുടങ്ങിയതിൽ ആശ്വസിക്കുന്നുണ്ടെങ്കിലും കനത്തമഴയുടെ ഭീതിയിലാണ് അങ്കമാലിക്കാർ. ദേശീയപാതയിൽ കറുകുറ്റി– അങ്കമാലി റൂട്ടിൽ അരീക്കലിൽ വെള്ളക്കെട്ടിനെ തുടർന്നു കുറച്ചുനേരം ഗതാഗതം സ്തംഭിച്ചു. അങ്കമാലിയിൽ എടത്തോട് പാടം കോളനിയിലെ അറുപതോളം വീടുകളിൽ വെള്ളം കയറി. മഞ്ഞപ്ര കുഴിയംപാടത്തും കരിങ്ങിലക്കാടും വെള്ളം ഇറങ്ങിയിട്ടില്ല. അങ്കമാലി – മഞ്ഞപ്ര റൂട്ടിൽ ബസ് ഗതാഗതം നിലച്ചു. നായത്തോട് നെല്ലിയ്ക്കാപ്പിള്ളി ക്ഷേത്രത്തിനു സമീപത്തെ വീട് നിലംപൊത്തി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ സോളാർപാനലിലേക്ക് വീടിന്റെ അവശിഷ്ടങ്ങൾ വീണു. മുല്ലശേരിതോടിൽ വെള്ളം പൊങ്ങിയതിനെ തുടർന്നു പ്രസിഡൻസി ക്ലബ്ബിന്റെ വഴിയിൽ നിർത്തിയിട്ടിരുന്ന കാർ വെള്ളത്തിൽ മുങ്ങി. കാർ പിന്നീട് നീക്കി.
ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ഏഴാറ്റുമുഖത്ത് തച്ചേത്ത് ബാബുവിന്റെ വീടിനുള്ളിൽ വെള്ളം കയറി. ഇവിടെ 9 വീടുകളുടെ പറമ്പുകളിൽ വെള്ളം കയറിക്കിടക്കുന്നു. വീട്ടുകാർ സാധനസാമഗ്രികൾ മാറ്റി. ഇവിടെ വൈദ്യുതി ബന്ധം നിലച്ചിട്ട് മൂന്നു ദിവസമായി. ഏഴാറ്റുമുഖത്ത് കഴിഞ്ഞ പ്രളയത്തിൽ 82 വീടുകളിൽ വെള്ളം കയറിയിരുന്നു. മൂക്കന്നൂർ– ഏഴാറ്റുമുഖം റൂട്ടിൽ ഞാലൂക്കര, ഭരണിപ്പറമ്പ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടെങ്കിലും വാഹനഗതാഗതത്തെ ബാധിച്ചിട്ടില്ല.