kaipetty-palam
ഭീതിജനകമായ നിലയിൽ വെള്ളം നിറഞ്ഞ കൈപ്പെട്ടി ബണ്ട് ഡെപ്യൂട്ടി തഹസിൽദാർ സന്ദർശിച്ചപ്പോൾ

പറവൂർ:ആലങ്ങാട് കരുമാല്ലൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൈപ്പെട്ടി പുഴയിലൂടെയുള്ള നീരൊഴുക്ക് തടസപ്പെടുന്നത് ഇരു പ്രദേശങ്ങളിലേയും വീടുകൾക്ക് കനത്ത ഭീഷണിയാകുന്നു. പെരിയാറിന്റെ കൈവഴിയായ താന്തോന്നി പുഴയുടെ കുറുകെ നിർമ്മിച്ച ബണ്ട് എന്ന പേരിലുള്ള പാലമാണ് വെള്ളം ഒഴുകുന്നതിന് തടസം. കഴിഞ്ഞ ആഗസ്റ്റിലെ പ്രളയത്തിൽ ശക്തമായ നീരൊഴുക്കിൽ പാലം കര കവിഞ്ഞൊഴുകയും ഭാഗികമായി തകരുകയും ചെയ്തു. ഇത് ഇപ്പോഴും നന്നാക്കിയിട്ടില്ല. ഇതിനിടയിൽ ഇപ്പോൾ വെള്ളം ഒഴുകുന്ന ശക്തിയനുസരിച്ച് മറു ഭാഗത്തേക്ക് പോകുന്നില്ല. പുഴയ്ക്ക് കുറുകെ സ്ഥാപിച്ച കോൺക്രീറ്റ് പൈപ്പിൽ കൂടി വെള്ളം പോകാൻ ഇടമില്ലാത്തതാണ് കാരണം. ഇത് മൂലം പുഴയുടെ തെക്ക് ഭാഗത്ത് വെള്ളം ക്രമാതീതമായി ഉയർന്നു. സമീപത്തെ രണ്ട് വീടുകൾ വെള്ളത്തിനടിയിലായി. കൈപ്പെട്ടി ലിലീവ് ,കുറുപ്പിന്റെ വീട്ടിൽ ഭാസ്‌ക്കരൻ എന്നിവരുടെ വീടുകളാണ് വെള്ളത്തിലായത്.കഴിഞ്ഞ പ്രളയത്തിൽ ഈ രണ്ട് വീടുകളും പൂർണ്ണമായും മുങ്ങിയതാണ്. പ്പൈപ്പ് മാറ്റി പാലം പുതുതായി നിർമ്മിക്കണമെന്നാവശ്യം ശക്തമായിരിക്കുന്നതിനിടയിലാണ് വീണ്ടും പ്രളയമെത്തിയത്. കഴിഞ്ഞ തവണ ഇരു പ്രദേശത്തുമായി മുപ്പതിൽ പ്പരം വീടുകൾ പൂർണ്ണമായും വെള്ളത്തിലായതാണ്. നഷ്ടപരിഹാര തുക ഇപ്പോഴും ലഭിച്ചിട്ടില്ല. പറവൂർ ഡെപ്യൂട്ടി തഹസിൽദാർ ടോമി സെബാസ്റ്റ്യൻ സ്ഥലം സന്ദർശിച്ചു. ബണ്ടിന്റെ ഒരു ഭാഗം പൊട്ടിച്ചാൽ മാത്രമെ നിലവിലുള്ള കനത്ത വെള്ളക്കെട്ട് കുറയൂവെന്ന നാട്ടുകാരുടെ ആവശ്യം കളക്ടറെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.