gs
ജവഹർ കോളനിയിലെ കുടുംബങ്ങളെ കാണാൻ ദുരിതാശ്വാസ ക്യാമ്പിൽ മന്ത്രി ജി സുധാകരനെത്തി

കോതമംഗലം :കനത്ത മഴയെത്തുടർന്ന് വെള്ളം കയറിയ ജവഹർ കോളനിയിൽ നിന്നും മാറ്റിപ്പാർപ്പിച്ചവരെ കാണാൻ ദുരിതാശ്വാസ ക്യാമ്പിൽ മന്ത്രി ജി. സുധാകരനെത്തി. കോതമംഗലത്തെ തങ്കളം ജവഹർ കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് 33 കുടുംബങ്ങളെയാണ് ടൗൺ യു.പി സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. എല്ലാ മഴക്കാലത്തും ഈ കോളനിയിൽ വെള്ളം കയറലും മാറ്റിപ്പാർപ്പിക്കലും പതിവാണ്.

ആന്റണി ജോൺ എം.എൽ.എക്കൊപ്പം എത്തിയ മന്ത്രിയുടെ മുന്നിൽ ക്യാമ്പിലുള്ളവർ ദുരിതക്കഥകളുടെ കെട്ടഴിച്ചു. 20 ഓളം വർഷമായി തങ്ങൾ സമാനമായ അവസ്ഥയാണ് നേരിടുന്ന തെന്ന് അവർ പറഞ്ഞു. തോടിനു വീതികൂട്ടുകയോ, സ്ഥിരമായി മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിച്ചോ ശാശ്വത പരിഹാരം ഉണ്ടാക്കാമെന്ന് മന്ത്രി ഉറപ്പു കൊടുത്തു .

ഇവരുടെ പ്രശ്‌ന പരിഹാരം നീണ്ടു പോകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് എന്റെ വകുപ്പായിരുന്നെങ്കിൽ പണ്ടേ പരിഹാരം ഉണ്ടാക്കിയേനേ എന്നായിരുന്നു മറുപടി.തോട് കയ്യേറിയവർക്കെതിരെ നടപടിയെടുക്കുമെന്നും കഴിഞ്ഞ വെള്ളപ്പൊക്കത്തിന് നഷ്ടപരിഹാരം കിട്ടാത്തവർക്ക് ഉടൻ കൊടുത്തു തീർക്കുമെന്നും മന്ത്രി പറഞ്ഞു .എന്നാൽ വർഷങ്ങളായി തങ്ങൾ നേരിടുന്ന ദുരിതം മാറി മാറി വരുന്ന സർക്കാരുകളുടെ മുന്നിൽ അവതരിപ്പിച്ചിട്ട് എല്ലാം ശരിയാക്കാം എന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്ന് കോളനിവാസികൾ പറഞ്ഞു.