കൊച്ചി: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അവശ്യ സർവീസുകളായ വിവിധ വകുപ്പുകൾക്ക് അവധി ദിനങ്ങൾ പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. റവന്യൂ, പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, ജലസേചനം, വൈദ്യുതി, വാട്ടർ അതോറിറ്റി, ഫിഷറീസ്, കൃഷി, മൃഗസംരക്ഷണം, സിവിൽ സപ്ലൈസ്, മോട്ടോർ വാഹനം, ജലഗതാഗതം, മൈനിംഗ് ആൻഡ് ജിയോളജി, പൊതുമരാമത്ത് റോഡ്സ് ആൻഡ് ബിൽഡിംഗ്സ്, എക്സൈസ്, വനം, മണ്ണു സംരക്ഷണം, വിവര പൊതുജന സമ്പർക്കം, സാമൂഹ്യനീതി, പട്ടികജാതി പട്ടികവർഗ്ഗ വികസനം എന്നീ വകുപ്പുകൾക്കാണ് ഉത്തരവ്.കാലവർഷ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കേണ്ടതിനാൽ ജില്ലയിലെ എല്ലാ ട്രഷറികളും, സബ് ട്രഷറികളും ആഗസ്റ്റ് 10, 11, 12 തീയതികളിൽ തുറന്ന് പ്രവർത്തിക്കണമെന്നും കളക്ടർ വ്യക്തമാക്കി.
ബില്ലുകൾ പാസാക്കുന്നതിനായി ആറ് താലൂക്കുകളിലെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ശാഖകളും കണയന്നൂർ താലൂക്കിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയും അവധി ദിവസങ്ങളിൽ പ്രവർത്തിക്കണം. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ കൊച്ചി, വടക്കൻ പറവൂർ, ആലുവ, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ ശാഖകളും പഞ്ചാബ് നാഷണൽ ബാങ്കിന്റെ എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ട് ശാഖയുമാണ് പ്രവർത്തിക്കുക.