#മുൻകരുതലെടുക്കാതെ അധികാരികൾ..;മുൻകരുതലെടുക്കാതെ അധികാരികൾ...

ഫോർട്ട് കൊച്ചി: മനുഷ്യ ജീവന് പുല്ല് വില നൽകിയാണ് ഫോർട്ടുകൊച്ചി- വൈപ്പിൻ റൂട്ടിൽ റോ റോ വെസൽ സർവീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം റോ റോ നിയന്ത്രണം വിട്ട് കൊച്ചി അഴിമുഖത്തേക്ക് ഒഴുകി.ഇതിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വൈപ്പിനിൽ നിന്ന് ഫോർട്ടുകൊച്ചിയിലേക്ക് നിറയെ യാത്രക്കാരുമായി വരുമ്പോൾ തന്നെ റോ റോക്ക് യന്ത്രതകരാർ ജീവനക്കാർ കണ്ടെത്തിയിരുന്നു.തുടർന്ന് ഫോർട്ടുകൊച്ചിയിൽ യാത്രക്കാരെ ഇറക്കിയ ശേഷം വൈപ്പിൻ ഭാഗത്തേക്ക് പോകുന്ന വഴിക്കാണ് നിയന്ത്രണം വിട്ട് കൊച്ചി അഴിമുഖത്തേക്ക് ഒഴുകിയത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻറും മറ്റു ബോട്ടുകളിലെ മത്സ്യതൊഴിലാളികളും ചേർന്ന് റോ റോയെ കെട്ടിവലിച്ച് വൈപ്പിനിൽ എത്തിച്ചു.ഇതിന് മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു നടപടികളും സ്വീകരിച്ചില്ല. വൈപ്പിൻ - ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന യാത്രാബോട്ട് കൊച്ചി അഴിമുഖത്ത് നിയന്ത്രണം വിട്ട് ഒഴുകുന്നത് നിത്യസംഭവമാണ്. യാത്രക്കാരുടെയും കുട്ടികളുടെയും കൂട്ടക്കരച്ചിൽ കേട്ട് അഴിമുഖത്ത് മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകൾ എത്തിയാണ് പലപ്പോഴും രക്ഷപ്പെട്ടുത്തിയത്. നൂറ് കണക്കിന് ജോലിക്കാരും വിദ്യാർത്ഥികളുമാണ് ഈ ബോട്ടുകളെ ആശ്രയിക്കുന്നത്.ബോട്ട് ഇല്ലാത്ത അവസ്ഥ വന്നാൽ പലരും തോപ്പുംപടി വഴി കറങ്ങി വേണം ബസുകളിൽ എറണാകുളത്ത് എത്താൻ. ഇത് സമയനഷ്ടവും ധനനഷ്ടവുമുണ്ടാക്കുന്നു. മട്ടാഞ്ചേരിയിൽ നിന്നും എറണാകുളത്തേക്കുള്ള പല ബോട്ട് സർവീസുകളും അധികാരികൾ വെട്ടിക്കുറക്കുകയാണ്. ജലഗതാഗതം പടിഞ്ഞാറൻ കൊച്ചിക്കാർക്ക് അന്യമാകുന്ന സ്ഥിതിയാണ്.