നെടുമ്പാശേരി: വെള്ളപ്പൊക്കത്തിലും മിണ്ടാപ്രാണികളോട് അറവുകാരുടെ ക്രൂരത. വെള്ളപ്പൊക്കത്തിൽ നിറഞ്ഞുകവിയാറുളള ദേശത്തിനടുത്തുള്ള പാടത്താണ് അജ്ഞാതർ രണ്ട് നാൽക്കാലികളെ മരത്തിൽ കെട്ടിയിട്ടത്. അറവിനുവേണ്ടി വാഹനത്തിൽ കൊണ്ടുപോയ നാൽക്കാലികളാണ് ഇവയെന്ന് കരുതുന്നു.
പാടത്ത് വെളളം നിറഞ്ഞപ്പോൾ അതിൽ കിടന്ന് തണുത്ത് വിറച്ചു. പിന്നീട് വെളളം ഇറങ്ങിയപ്പോഴും ആരും അഴിച്ചുവിട്ടില്ല. ചിത്രം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ചിലർ കയർ അഴിച്ചുവിട്ടെങ്കിലും നാൽക്കാലികൾ പാടത്തുതന്നെ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു. അറവുമാടുകളെ തമിഴ്‌നാട്ടിൽ നിന്നും മറ്റും അർധരാത്രി കുത്തിനിറച്ചുകൊണ്ടുവന്ന ശേഷം വിവിധ പറമ്പുകളിൽ കെട്ടിയിടും. പിന്നീട് ആവശ്യാനുസരണമാണ് മാർക്കറ്റുകളിലേക്കും മറ്റും എത്തിക്കുന്നത്. അറവ് ചെയ്യപ്പെടുന്നതിനുമുമ്പും ഇത്തരത്തിൽ കന്നുകാലികളിൽ പീഡിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്.
നെടുമ്പാശേരി മേഖലയിൽ കഴിഞ്ഞ പ്രളയത്തിൽ ആയിരക്കണക്കിന് കന്നുകാലികളാണ് ചത്തൊടുങ്ങിയത്. ഇതുമൂലം ഈ മേഖലയിലെ ക്ഷീര സംഘങ്ങളിൽ അളക്കുന്ന പാലിൻെറ അളവും ഗണ്യമായി കുറഞ്ഞിരുന്നു. പല കർഷകരും ക്ഷീരമേഖലയിൽ നിന്നും പൂർണ്ണമായി പിന്മാറുകയും ചെയ്തു.