കോലഞ്ചേരി: രണ്ടാം പ്രളയവും കൃഷി മേഖലയെ പ്രതിസന്ധിയിലാക്കി. ഓണം വിപണി ലക്ഷ്യമിട്ട പച്ചക്കറികൾ നാശത്തിന്റെ വക്കിൽ. മഴ കുറഞ്ഞ് വേനൽ കനത്തതോടെ നിരവധി കർഷകരുടെ പച്ചക്കറി വ്യാപകമായി നശിച്ചതിനു പിന്നാലെയാണ് പ്രളയം ഇടിത്തീ പോലെ വന്നത്. ജില്ലയിൽ പച്ചക്കറി ഉല്പാദനം കൂടുതൽ നടക്കുന്ന തിരുവാണിയൂർ, മംഗലത്തുനട സ്വാശ്രയ കർഷക വിപണികൾക്കു കീഴിലെ നിരവധി പേരുടെ കാർഷിക വിളകൾ വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ പ്രളയത്തിൽ ഉണ്ടായ ഭീമമായ നഷ്ടം നികത്താൻ കർഷകർ പെടാപ്പാടു പെടുമ്പോഴാണ് രണ്ടാം പ്രളയം വന്നത്. വാഴ, പാവൽ, പടവലം, വെള്ളരി,ചേന, പീച്ചിങ്ങ തുടങ്ങിയ പച്ചക്കറികൾ വെള്ളപ്പൊക്കത്തിൽ വ്യാപകമായി നശിച്ചു. മിക്കവരും സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. വൻ തോതിൽ കൃഷിയിറക്കുന്നതിന് കാർഷിക വായ്പകളെടുത്തവരും കൃഷി നശിച്ചതോടെ ആശങ്കയിലായി. വെള്ളക്കെട്ട് ഏറെ ബാധിച്ചത് മരച്ചീനി കർഷകരെയാണ്. വെള്ളം കയറാത്ത പാടശേഖരങ്ങളിൽ കൂന കൂട്ടി കൃഷിയിറക്കിയവർക്ക് കനത്ത ആഘാതമുണ്ടായി. പെരുവുംമൂഴി, കടയ്ക്കനാട് ഭാഗങ്ങളിൽ നിരവധി പേരുടെ കൃഷി നശിച്ചു. വെള്ളമിറങ്ങിയെങ്കിലും മരച്ചീനിയുടെ ചുവടു ചീയും. ഒരു മാസം കൂടി കഴിഞ്ഞ് വിളവെടുപ്പിന് പാകമായതാണ് വെള്ളക്കെട്ടിൽ നശിച്ചു പോയത്.

മുങ്ങിയത് തിരുവാണിയൂർ, മംഗലത്തുനട സ്വാശ്രയ കർഷക വിപണികളുടെ കൃഷി

മിക്കവരും സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവർ

കാർഷിക വായ്പകളെടുത്തവരുംആശങ്കയിൽ

ഏറെ ബാധിച്ചത് മരച്ചീനി കർഷകരെ