കൊച്ചി : മഴ മേഘങ്ങൾ തിമിർത്ത് പെയ്തിറങ്ങിയതോടെ കൊച്ചിയിലെ റോഡായ റോഡിലെ കുഴികളിലെല്ലാം വെള്ളക്കെട്ട് നിറഞ്ഞു .ഓടയിൽ നിന്നുള്ള മാലിന്യങ്ങളും എത്തുന്നതോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. ഒട്ടുമിക്കയിടങ്ങളിലും ഗതാഗതവും കാൽനടയാത്രയും കുരുക്കിലായി. മഴക്കാലത്തിനു മുമ്പേ റോഡുകൾ നന്നാക്കുമെന്ന അധികാരികളുടെ പറച്ചിൽ മുൻ വർഷത്തേപ്പോലെ ഈ വർഷവും പാഴ്‌വാക്കായി.മഴ വന്നാൽ എറണാകുളത്തെ റോഡുകളെല്ലാം വലിയ തോടുകളാകുന്ന സ്ഥിതിക്ക് ഇപ്രാവശ്യവും മാറ്റമുണ്ടായില്ല.
മണപ്പാട്ടിപ്പറമ്പ് റോഡ്
മണപ്പാട്ടിപ്പറമ്പ് റോഡിലും തുടർന്ന് വരുന്ന ശാസ്താ ടെമ്പിൾ റോഡിലും കുഴികളുടെ എണ്ണം എണ്ണിയാൽ തീരില്ല. ചെറുകുഴികൾപോലും മഴയെത്തിയതോടെ വമ്പൻ കുഴികളായി . കുഴികളിലെല്ലാം വെള്ളക്കെട്ടാണ് . യാത്രക്കാർക്ക് തിരിച്ചറിയാൻ കുഴികളിൽ കൊടിക്കമ്പ് നാട്ടിയത് മാത്രം ആശ്വാസം. ഇരുചക്രവാഹനം കൊണ്ടിവിടമൊന്ന് കടക്കണമെങ്കിൽ സർക്കസ് പഠിക്കണം.
മാർക്കറ്റ് റോഡ്
മേനക ഭാഗത്തു നിന്നു വൈറ്റിലയിലേക്കുള്ള ബസ്സുകളെല്ലാം കടന്നുപോകുന്ന റോഡ്. ബസ്സ്റ്റോപ്പിൽ രണ്ടുമൂന്നടി ഉയരത്തിൽ വരെ വെള്ളം ഉയർന്നു നിൽക്കുന്നു. ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിന്റെ ഭാഗത്ത് തിരിയുന്നിടത്തെ റോഡിലെ വമ്പൻ കുഴിയിൽ വെള്ളം നിറഞ്ഞതോടെ യാത്ര ദുഷ്കരമായി. ബ്രോഡ്‌വേയിലേക്ക് പോകേണ്ട കാൽനടയാത്രികരും വാഹനയാത്രികരും ഒട്ടേറെ ദുരിതങ്ങളിലൂടെയാണിതിലൂടെ യാത്ര ചെയ്യുന്നത് ഇരുചക്രവാഹനങ്ങൾ പലതും ഇതിലൂടെ പോകുമ്പോൾ എൻജിൻ ഓഫായി പോകുന്നത് പതിവാണ്. ഓടയിൽ നിന്ന് വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതാണ് വെള്ളക്കെട്ടിന് കാരണം.
വളഞ്ഞമ്പലം രവിപുരം റോഡ്
ഇവിടെ എവിടെ തിരിഞ്ഞാലും കുഴികൾ മാത്രം . രണ്ടും മൂന്നും മീറ്റർ വ്യാസമുള്ള കുഴികളിൽ വെള്ളം നിറഞ്ഞതോടെ നടക്കാൻ പോലും വയ്യാത്ത അവസ്ഥയായി.
കലൂർ– കടവന്ത്ര റോഡിൽ
മഴയ്ക്ക് മുമ്പ് തന്നെ കുമാരനാശാൻ ജംക്‌ഷനിലെ കുഴിക്ക് 2 മീറ്റർ നീളവും ഒരു മീറ്റർ വീതിയും ഉണ്ടായിരുന്നു ഇപ്പോൾ മഴവെള്ളം നിറഞ്ഞതോടെ ഇവിടമൊരു കുളമായി. . മിക്ക വാഹനങ്ങളും ഈ കുഴിയിൽ വീഴുന്നതോടെ റോഡിൽ വാഹനങ്ങളുടെ നീണ്ട ക്യൂ ആയി
.
സലീം രാജൻ റോഡിൽ വലിയ ഗർത്തം
കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്നുള്ള ബസുകൾ ദിവസവും കടന്നുപോകുന്ന സലീംരാജൻ റോഡിലെ വലിയ ഗർത്തം റോഡാകെ വ്യാപിച്ച രീതിയിലാണ്. ഗർത്തത്തിൽ മഴവെള്ളം നിറഞ്ഞു. ബസുകൾ പോകുമ്പോൾ സമീപത്തു കൂടി പോകുന്ന ഇരുചക്ര വാഹനയാത്രികരുടെയും കാൽനടയാത്രികരുടെയും ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നത് പതിവാണ്. കുഴിയുടെ ആഴം തിരിച്ചറിയാതെ പോയാൽ റോഡിലെ കുഴിയിൽ ഇരുചക്രവാഹനയാത്രികർ വീഴും. റോഡ് തോടായി ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് ചാത്യാത്ത് ജംഗ്ഷനിലേക്ക് പോകുന്ന എബ്രഹാം മാടമാക്കൽ റോഡിലാകെ വെള്ളം കയറി. റോഡ് എവിടെയെന്ന് തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ് എബ്രഹാം മാടമാക്കൽ റോഡ്. വൈപ്പിനിലേക്കും മറ്റും നിരവധിയാളുകൾ യാത്ര ചെയ്യുന്ന റോഡാണ് ഇത്തരത്തിൽ കിടക്കുന്നത്.