മൂവാറ്റുപുഴ: മഴക്ക് ശമനമുണ്ടായതോടെമൂവാറ്റുപുഴആറിൽ ജലനിരപ്പ് താഴ്ന്നു. റോഡുകളിലെല്ലാം വെള്ളമിറങ്ങി ഗതാഗതം പുന:സ്ഥാപിച്ചുവെങ്കിലും വ്യാപാരമേഖലയിലടക്കം ജനജീവിതം സാധാരണനിലയിലെത്താൻ ഇനിയും ദിവസങ്ങളെടുക്കും. . കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് മൂവാറ്റുപുഴ ആറ്കരകവിഞ്ഞതിനെതുടർന്ന് വെള്ളം ഉയരാൻ തുടങ്ങിയത് . വെെകിട്ട് ഏഴോടെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം തന്നെ വെള്ളത്തിനടിയിലായി. വെള്ളിയാഴ്ചയായപ്പോഴേക്കും മൂവാറ്റുപുഴയിലെ വ്യാപാര കേന്ദ്രമായ കാവുങ്കര മാർക്കറ്റ് അടക്കം വെള്ളത്തിൽ മുങ്ങുകയായിരുന്നു. നഗരത്തിലെ പ്രധാന റോഡുകളെല്ലാം തന്നെ വെള്ളത്തിൽ മുങ്ങിയതോടെ നഗരം ഒറ്റപ്പെട്ടനിലയിലായി. മൂവാറ്റുപുഴ നഗരസഭ , ആയവന, വാളകം, മാറാടി, പായിപ്ര, ആവോലിപഞ്ചായത്തുകളിലാണ് ഏറെ ദുരിതം വിതച്ചത്. മൂവാറ്റുപുഴആർ കരകവിഞ്ഞ് ഒഴുകിയതോടെ നഗരസഭ , വാളകം, പായിപ്ര , മാറാടി, പഞ്ചായത്തുകളിൽ വെള്ളം കയറി. കാളിയാർപുഴയും, കോതയാറും കരകവിഞ്ഞതോടെയാണ് ആയവന, ആവോലി പഞ്ചായത്തുകളിൽ വെള്ളം കയറിയത് .ഇരുപതോളം ദുരിതാശ്വാസ ക്യാമ്പുകളാണ് റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്. ശനിയാഴ്ച മഴക്ക് ശമനമുണ്ടായതോടെ ജലനിരപ്പ് താഴുകയായിരുന്നു.