കാലടി: കാലടി ശ്രീശങ്കര പാലത്തിൽ കണ്ടെത്തിയ വിള്ളലിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ വിലയിരുത്തി. ഇന്നലെ രാവിലെ പൊതുമരാമത്ത് റോഡ് ആൻഡ് ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പാലം സന്ദർശിച്ചത്. റോജി എം. ജോൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. തുളസി തുടങ്ങിയവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. കനത്തമഴയിലായിരുന്നു പരിശോധന.
എല്ലാ പാലങ്ങൾക്കും കാണാറുള്ളത് പോലെ തന്നെ സ്വാഭാവികമായ ചില വിള്ളലുകൾ മാത്രമാണ് ഇവ.
സ്പാനുകൾക്കിടയിലാണ് വിള്ളൽ. ഇതിൽ അസ്വഭാവികതയില്ല. മറ്റു കേടുപാടുകൾ ഒന്നുമില്ല. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി. ഇന്ദു പറഞ്ഞു. ഉന്നതതല സംഘത്തിൽ ബ്രിഡ്ജ് വിഭാഗം ഉദ്യോഗസ്ഥ പി ഹിന്ദു, ഡിസൈൻ വിഭാഗം പി.എൻ.പുഷ്പപകുമാരി, അസി. എക്സിക്യൂട്ടീവ് എൻജിനീയർ പീയൂസ്, ഡിസൈനിംഗ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ രജനി എന്നിവരും ഉണ്ടായിരുന്നു.