മൂവാറ്റുപുഴ:റബർ, വാഴ, കപ്പ, ജാതി, തെങ്ങ്എന്നിവയും, ഓണവിപണി ലക്ഷ്യമാക്കി വിവിധ സംഘടനകളും വ്യക്തികളും കൃഷിയിറക്കിയ പച്ചക്കറി കൃഷികളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. മൂവാറ്റുപുഴ ആറിന്റേയും മുളവൂർ തോടിന്റേയും തീരങ്ങളിലുള്ള ഏക്കറുകണക്കിന് കൃഷി വെള്ളത്തിനടിയിലാണ്. കാലവർഷത്തിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് കപ്പ, വാഴ, പച്ചക്കറി കൃഷികൾക്കാണ്. മൂവാറ്റുപുഴ നഗരസഭ, പായിപ്ര, വാളകം, ആവോലി, ആയവന, മാറാടി, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആരക്കുഴ എന്നിവടങ്ങളിൽ ഏക്കർ കണക്കിന് കൃഷിയാണ് കാല വർഷം കലിതുള്ളിയപ്പോൾ ഒലിച്ചുപോയത്. വെള്ളം പൂർണ്ണമായും ഇറങ്ങുന്നതോടെ നഷ്ടത്തിന്റെവ്യാപ്തി വർദ്ധിക്കും. പലസ്ഥലങ്ങളിലും വിളവെടുക്കാറായ ഏക്കർ കണക്കിന് കപ്പ കൃഷിയാണ് ഒലിച്ചുപോയത്. നല്ല വിലയുള്ളതിനാൽ കപ്പകർഷകർക്ക് നല്ലകാലമായിരുന്നു.