camp
ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി ആലുവ പ്രിയദർശിനി ടൗൺഹാളിലെ ദുരിതാശ്വാസ ക്യാമ്പിൽ രോഗികളെ പരിശോധിക്കുന്നു. കൗൺസിലർമാരായ കെ.ജയകുമാർ, ശ്യാം പത്മനാഭൻ എന്നിവർ സമീപം

ആലുവ: പ്രളയ ബാധിതർക്കായി നഗരത്തിൽ പ്രവർത്തിച്ച ഏക ക്യാമ്പ് ആശ്വാസമായി. തോട്ടക്കാട്ടുകര പ്രിയദർശിനി ടൗൺ ഹാളിൽ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും 50 പേരാണ് ഉണ്ടായിരുന്നത്. വൈകിട്ടോടെ ഇത് ഇരുപതായി കുറഞ്ഞു.

കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിന്റെ ദുരന്തം നേരിട്ട് അനുഭവിച്ച നഗരസഭ കൗൺസിലർമാരായ ശ്യാം പത്മനാഭൻ, കെ. ജയകുമാർ, പി.സി. ആന്റണി എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രിയാണ് ക്യാമ്പ് ആരംഭിച്ചത്. ഭക്ഷണം മുതൽ വസ്ത്രങ്ങൾ വരെ യഥാസമയം എത്തിച്ച് നൽകുന്നതിന് കൗൺസിലർമാർ മുമ്പിലുണ്ടായിരുന്നു. നഗരത്തിലെ ഐശ്വര്യ ലെെനിലെ രണ്ട് കുടുംബങ്ങളാണ് ക്യാമ്പിൽ ആദ്യമെത്തിയത്. പിന്നാലെ കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂർ, എടത്തല കുഞ്ചാട്ടുകര, കീഴ്മാട് തോട്ടുംമുഖം ഭാഗങ്ങളിലെ 35 പേരുമെത്തി.

പാചകവാതകം, പലവ്യഞ്ജനസാധനങ്ങൾ, പാത്രങ്ങൾ എന്നിവയുമായി കൗൺസിലർമാർ മുഴുവൻ സമയവും ക്യാമ്പിലുണ്ടായി. വെള്ളിയാഴ്ച രാവിലെ മുതൽ ആലുവ ജില്ലാ ആശുപത്രിയുടെ മെഡിക്കൽ സംഘവും പരിശോധിക്കാനെത്തി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി നേരിട്ടെത്തി പരിശോധിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ. സിറാജ്, പാലിയേറ്റീവ് നഴ്‌സ് എ.ടി. സിനിമോൾ,
പി.എസ്. സന്ധ്യ, ആശ പ്രവർത്തകരായ നീതു ജയപ്രകാശ്, ഇ.വി. സരിത എന്നിവരും മെഡിക്കൽ സംഘത്തിലുണ്ടായിരുന്നു.
നഗരസഭ അദ്ധ്യക്ഷ ലിസി എബ്രഹാം, ജി.സി.ഡി.എ ചെയർമാൻ വി. സലിം, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടിമ്മി , ജെറോം മൈക്കിൾ, പ്രതിപക്ഷ നേതാവ് രാജീവ് സഖറിയ, പി.എം. സഹീർ, പി.ആർ. രാജേഷ്, ക്ലമന്റ് താന്നിപ്പിള്ളി എന്നിവർ ക്യാമ്പ് അംഗങ്ങൾക്ക് സഹായവുമായെത്തി.