കൊച്ചി: പ്രളയബാധിത പ്രദേശങ്ങളിലെ രൂപതകളും സ്ഥാപനങ്ങളും സർക്കാരിനോടും സന്നദ്ധ പ്രവർത്തകരോടും ചേർന്ന് പ്രവർത്തിക്കണമെന്ന് സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. സർക്കാരും ജില്ലാഭരണകൂടങ്ങളും നൽകുന്ന നിർദ്ദേശം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സഭയുടെ കീഴിലുള്ള പാരീഷ് ഹാളുകളും സ്കൂളുകളും ദുരിതശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നു. ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിന് രൂപതാദ്ധ്യക്ഷന്മാരും വൈദികരും സമർപ്പിതരും സംഘടനകളും പൊതുസമൂഹത്തോടു ചേർന്ന് പ്രവർത്തിക്കണം. സഭയുടെ എല്ലാ സംവിധാനങ്ങളും ഇതിനോടകം ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കുചേരുന്നുണ്ട്. പ്രളയത്തിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നുവെന്നും ആലഞ്ചേരി പറഞ്ഞു.