ആലുവ: യുവാക്കൾ നാല് അടിയോളം വെള്ളമുളള റോഡിലേക്ക് കാർ ഓടിച്ചിറിക്കി. പൊലീസെത്തി ഇരുവരെയും താക്കീത് നൽകി വിട്ടയച്ചു.
നഗരത്തോട് ചേർന്ന എടയപ്പുറം ടൗൺഷിപ്പ് റോഡിൽ വെള്ളിയാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം. എസ്.പി ഓഫീസിനോട് ചേർന്നുള്ള നേതാജി റോഡ് വഴി ടൗൺഷിപ്പ് റോഡിലേക്കെത്തിയ സ്വിഫ്റ്റ് കാർ ആണ് വെള്ളം കണ്ടിട്ടും മുന്നോട്ടെടുത്തത്. വെള്ളത്തിലിറങ്ങിയ ഉടൻ കാർ ഓഫായി. മുഴുവൻ മുങ്ങുകയും ചെയ്തു. സമീപത്തെ ഫ്ളാറ്റിൽ ഉണ്ടായിരുന്നവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതിനിടെ ഡ്രൈവറും മറ്റൊരാളും ഒരുവിധം പുറത്തിറങ്ങി. ഒരാൾ എടയപ്പുറം സ്വദേശിയും രണ്ടാമൻ ഏലൂർ സ്വദേശിയുമാണ്. കുറച്ചുദിവസം സ്ഥലത്തുണ്ടായിരുന്നില്ലെന്നും റോഡ് വെള്ളത്തിൽ മുങ്ങിയത് ശ്രദ്ധിച്ചില്ലെന്നുമാണ് പൊലീസിനോട് പറഞ്ഞത്. കാറിലുണ്ടായിരുന്നവരെ താക്കീത് ചെയ്ത് വിട്ടയച്ചതായി ആലുവ സി.ഐ രാജേഷ് കുമാർ പറഞ്ഞു.
ടൗൺ ഷിപ്പ് റോഡിന് ഇരുവശവും പാടശേഖരമാണ്. പരിസരം പുഴ പോലെ കിടക്കുകയാണ്. ഇന്നലെ രാവിലെ നാട്ടുകാരാർ ചേർന്നാണ് കാർ കരയിലേക്ക് വലിച്ചു കയറ്റിയത്.