ആലുവ: പ്രളയത്തെ വെല്ലുവിളിച്ച് സേവനത്തിന്റെ പുതിയ മാതൃക കാട്ടുകയാണ് നൊച്ചിമ ചാരിറ്റി യൂത്ത് വിംഗ് പ്രവർത്തകർ. എടത്തല നൊച്ചിമ മാരിയിൽ താഴത്ത് വീണ്ടും വെള്ളപ്പൊക്കമെത്തിയപ്പോൾ കൈത്താങ്ങായത് ചാരിറ്റി പ്രവർത്തകരാണ്.
നൂറോളം വീടുകളുള്ള പ്രദേശത്ത് കഴിഞ്ഞ വർഷത്തെ മഹാപ്രളയവും ബാധിച്ചിരുന്നു. അന്നും രക്ഷാപ്രവർത്തനവുമായെത്തിയത് ചാരിറ്റി പ്രവർത്തകരാണ്. പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആശാദീപം സ്‌പെഷ്യൽ സ്‌കൂൾ, സിൽവർ ഏഞ്ചൽസ് ഓൾഡ് ഏജ് ഹോം എന്നിവിടങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത് ചാരിറ്റി വിങ്ങിന്റെ പ്രവർത്തകരാണ്. ചാരിറ്റി വിംങ്ങ് പ്രസിഡന്റും സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പറുമായ അഫ്‌സൽ കുഞ്ഞുമോൻ, ശ്രീജിത്, ഇക്ബാൽ, സനീർ, സുബൈർ, മൂസ സനീഷ്, ഷെർബിൻ തുടങ്ങിയവർ നേതൃത്വം നൽകി.