കൊച്ചി: കനത്ത മഴയെ തുടർന്ന് ട്രെയിൻ ഗതാഗതം സ്തംഭിച്ചു. തിരുവനന്തപുരം മുതൽ വടക്കാഞ്ചേരി വരെ മാത്രമേ ട്രെയി​നുകൾ ഓടി​യി​രുന്നുള്ളൂ. സ്‌പെഷ്യൽ പാസഞ്ചർ ട്രെയിനുകളും സർവീസ് നടത്തി.

അവധി ദിവസമായതിനാലും യാത്രക്കാർ മറ്റ് യാത്രാമാർഗങ്ങൾ സ്വീകരിച്ചതിനാലും ശനിയാഴ്ച യാത്രക്കാർ കുറവായിരുന്നു. എന്നാൽ അവധി കഴിയുന്നതോടെ തിങ്കളാഴ്ച തിരക്ക് അനുഭവപ്പെടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പിടിച്ചിട്ടതും റദ്ദാക്കിയതുമായ ട്രെയിനുകൾ സർവീസ് ആരംഭിച്ചാൽ മാത്രമേ ഗതാഗതം സാധാരണഗതിയിലാവൂ.

ദീർഘദൂര സർവീസുകൾ തിരുനെൽവേലിവഴിയാണ് തിരിച്ചുവിടുന്നത്. ശനിയാഴ്ച വൈകീട്ട് മദ്രാസ് സ്‌പെഷ്യൽ എറണാകുളം സൗത്ത് ജംഗ്ഷനിൽ നിന്ന് സർവീസ് നടത്തി. വേഗത കുറച്ചാണ് ട്രെയിനുകൾ നീങ്ങുന്നതെന്ന് എറണാകുളം ഏരിയ മാനേജർ നിതിൻ നോബർട്ട് പറഞ്ഞു.
റദ്ദാക്കിയതും വഴിതിരിച്ചു വിട്ടതുമായ ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിന് റെയിൽവേ പ്രത്യേക ഹെൽപ്പ് ഡെസ്‌ക്ക് നമ്പറുകൾ: 9188292595, 9188293595, 1072 , 04842376603

# ടിക്കറ്റ് തുക തിരിച്ചുതരും
ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കുകയും വഴി തിരിച്ചു വിടുകയും ചെയ്ത സാഹചര്യത്തിൽ 15 വരെ ഏത് സ്റ്റേഷനുകളിൽ നിന്നും യാത്രക്കാർക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്ത് റീഫണ്ട് ലഭിക്കുന്നതിനും ടി.ഡി.ആർ (ടിക്കറ്റ് ഡെപ്പോസിറ്റ് റെസിപ്റ്റ്) ഫയൽ ചെയ്യാനും സൗകര്യമൊരുക്കിയതായി നിതിൻ നോബർട്ട് പറഞ്ഞു. നിയമ പ്രകാരം മൂന്നു ദിവസത്തിനകം ടിക്കറ്റ് ടി.ഡി.ആർ ഫയൽ ചെയ്യണം. ഇതാണ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദീർഘിപ്പിച്ച് നൽകിയത്. ഇടിക്കറ്റ് ഉള്ളവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും.