കൊച്ചി: വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മലയോര കാർഷികമേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ സമീപനങ്ങൾക്കെതിരെ ഇൻഫാം സംസ്ഥാനത്തെ താലൂക്ക് വില്ലേജ് ആസ്ഥാനങ്ങളിലേയ്ക്ക് 17ന് (ചിങ്ങം 1) നടത്താനിരുന്ന കർഷക മാർച്ചും കർഷക കണ്ണീർദിന പ്രതിഷേധ ധർണ്ണയും മാറ്റിവച്ചു. പകരം അന്ന് ദുരിതാശ്വാസ ദിനമായി ആചരിക്കുമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ, സംസ്ഥാന ഡയറക്ടർ ഫാ,ജോസ് മോനിപ്പള്ളി, പ്രസിഡന്റ് ജോസ് എടപ്പാട്ട് എന്നിവർ പറഞ്ഞു.
പ്രളയദുരന്തത്താൽ കാർഷികമേഖലയൊന്നാകെ തകർന്നടിഞ്ഞിരിക്കുമ്പോൾ കോടികൾ ചെലവഴിച്ച് സംസ്ഥാന സർക്കാർ നടത്തുന്ന ചിങ്ങം ഒന്നിലെ കർഷകദിനാചരണം പ്രഹസനമാണെന്നും കർഷകരുടെ പേരിൽ നടത്തുന്ന ഇത്തരം ആഘോഷങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ഈ തുക ദുരിതാശ്വാസത്തിനായി മാറ്റിവെയ്ക്കണമെന്നും ദേശീയ സെക്രട്ടറി ജനറൽ വി.സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.