ആലുവ: പെരിയാറിലെ ജലനിരപ്പ് താഴുകയും മഴക്ക് ശമനമുണ്ടാകുകയും ചെയ്തതോടെ വീടുകളിൽ നിന്നും വെള്ളമിറങ്ങി തുടങ്ങി. ഇനിയുള്ള മുഖ്യദുരിതം ചെളി നീക്കലാണ്. വെള്ളം ഇറങ്ങിയാലും ചെളി അടിഞ്ഞുകൂടി കിടക്കും. ചെളി എങ്ങോട്ട് നീക്കുമെന്നറിയാതെ പകച്ചു നിൽക്കുകയാണ് പ്രളയബാധിതർ.
പുഴയുടെ പരിസരത്തെ വീടുകളിലാണ് ഏറ്റവും അധികം ചെളി. തീരത്തെ വീടുകളിൽ വെള്ളം ഇറങ്ങുന്നതും അവസാനമാണ്. ചെളിയുമായാണ് വെള്ളം ഇറങ്ങിവരുന്നത്. കടുങ്ങല്ലൂർ പഞ്ചയാത്തിൽപെട്ട ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര ദ്വീപിൽ ഭാഗികമായി വെള്ളമിറങ്ങിയതോടെ ചെളി നീക്കം ആരംഭിച്ചു. കുഞ്ഞുണ്ണിക്കരയിലും ഭാഗികമായി വെള്ളം ഇറങ്ങിയിട്ടുണ്ട്. പെരിയാറിനാൽ ചുറ്റപ്പെട്ട ഗ്രാമത്തിൽ വ്യാഴാഴ്ച്ച വൈകീട്ടോടെ പല ഭാഗത്തും വെള്ളം കയറിയിരുന്നു. രാത്രിയോടെ പ്രശ്‌നസാദ്ധ്യതയുള്ള വീട്ടുകാരെ മുഴുവൻ മാറ്റി.
ഉളിയന്നൂരിൽ 15 വീടുകളിലാണ് വെള്ളം കയറിയത്. കുഞ്ഞുണ്ണിക്കരയിൽ മുപ്പതോളം വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ തവണ ഗ്രാമത്തിൽ തന്നെ ക്യാമ്പ് നടത്തിയെങ്കിലും പിന്നീട് അവിടെ നിന്ന് മാറ്റേണ്ടിവന്നു. ഇത് കണക്കിലെടുത്ത് ഇക്കുറി ക്യാമ്പ് ഒരുക്കാതെ ബന്ധുക്കളുടെ വീടുകളിലേക്കാണ് ആളുകളെ മാറ്റിയത്. ഗ്രാമത്തിൽ രക്ഷാ പ്രവർത്തനത്തിനായി ആർമി സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഉളിയന്നൂർ സ്‌കൂളിലുള്ള സംഘത്തിൽ അഞ്ച് മേജർമാർ ഉൾപ്പെടെ 75 സൈനികരാണുള്ളത്. ബോട്ട് അടക്കമുള്ള എല്ലാ വിധ സജ്ജീകരണങ്ങളും ഇവരുടെ പക്കലുണ്ട്. ഹൈബി ഈഡൻ എം.പി ക്യാമ്പിലെത്തി.