kerala-highcourt

കൊച്ചി :കഴിഞ്ഞ വർഷത്തെ പ്രളയ ദുരന്തത്തിൽ ഡാമുകൾ തുറന്നതിൽ പങ്കില്ലെന്ന സർക്കാരിന്റെ വാദങ്ങൾക്ക് പിന്തുണ നൽകാൻ പവർ പോയിന്റ് പ്രസന്റേഷനുമായി കാലാവസ്ഥ, അണക്കെട്ട് വിദഗ്ദ്ധരെ ഹൈക്കോടതിയിൽ ഹാജരാക്കും.

മുന്നറിയിപ്പുകളില്ലാതെ ഡാമുകൾ തുറന്നതാണ് കഴിഞ്ഞ വർഷത്തെ പ്രളയം ദുരന്തമാക്കിയതെന്നാരോപിക്കുന്ന ഹർജികൾ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. സെപ്തംബറിൽ അന്തിമ വാദം നടക്കുമ്പോൾ വിദഗ്ദ്ധരെ ഹാജരാക്കി വിശദീകരി​ക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി പവർ പോയിന്റ് പ്രസന്റേഷനുകളും തയ്യാറാക്കുന്നുണ്ടെന്ന് സീനിയർ ഗവൺമെന്റ് പ്ളീഡർ പി. നാരായണൻ വിശദീകരിച്ചു.

ഇ. ശ്രീധരനടക്കം നൽകിയ ഹർജികളിൽ ഡാം മാനേജ്മെന്റിൽ ഗുരുതരമായ വീഴ്ച വന്നുവെന്നാണ് ആരോപണം. ഇതു തെറ്റാണെന്ന് തെളിയിക്കാൻ മഴയുടെ കണക്കും കാലാവസ്ഥാ മുന്നറിയിപ്പുമൊക്കെ നിരത്തിയുള്ള വിശദമായ വാദമാണ് വേണ്ടതെന്ന് പി. നാരായണൻ വ്യക്തമാക്കുന്നു. നിയമപ്രശ്നമെന്നതിനേക്കാൾ ശാസ്ത്രീയ വിശദീകരണമാണ് കോടതിക്ക് വേണ്ടതെന്ന് കണക്കാക്കിയാണ് നീക്കം. ഓണത്തിനു മുമ്പ് ഹർജികളിൽ അന്തിമ വാദം ഉണ്ടാകേണ്ടിയിരുന്നു. എന്നാൽ കോടതി തന്നെ നീട്ടി​യതാണ്. അമിക്കസ് ക്യൂറി നേരത്തെ നൽകിയ റിപ്പോർട്ടും സർക്കാരിനെതിരായിരുന്നു. ഡാം മാനേജ്മെന്റിൽ വീഴ്‌ച വന്നെന്നും കൃത്യമായ മുന്നറിയിപ്പ് നൽകാതെയാണ് ഡാമുകൾ തുറന്നതെന്നും ഈ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇതിനൊക്കെ മറുപടി നൽകാൻ കഴിയുന്ന തരത്തിൽ വിദഗ്ദ്ധരുടെ പാനൽ തയ്യാറാക്കുന്ന തിരക്കിലാണ് അധികൃതർ.

തെളിയിക്കേണ്ട വിഷയങ്ങൾ

 ഡാമിലേക്ക് ഒഴുകിയെത്തിയ വെള്ളത്തിന് ആനുപാതികമായാണ് തുറന്നു വിട്ടത്

 ഡാം മാനേജ്മെന്റിൽ വീഴ്ച വന്നിട്ടില്ല

 ഡാമുകളല്ല, തോരാമഴയാണ് ദുരന്തം വിതച്ചത്

 അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകൾ ശരിയല്ല