കൊച്ചി: എറണാകുളം മുതൽ കാസർകോട് വരെയുള്ള സ്ഥലങ്ങളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിലേക്കുള്ള ട്രെയിൻ ഗതാഗതം തുടർച്ചയായ മൂന്നാം ദിവസവും സ്തംഭിച്ചു. മഴയെ തുടർന്ന് വെള്ളിയാഴ്ച്ച റദ്ദ് ചെയ്ത ഷൊർണൂർ, പാലക്കാട്, കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതം ഇന്നലെയും പുനസ്ഥാപിക്കാനായില്ല. ദീർഘദൂര, പാസഞ്ചർ ട്രെയിനുകൾ അടക്കം അമ്പതിലേറെ സർവീസുകൾ ഇന്നലെയും റെയിൽവേ റദ്ദാക്കിയതോടെ എറണാകുളം, തിരുവനന്തപുരം ഭാഗങ്ങളിൽ നിന്ന് മലബാർ ഭാഗത്തേക്കുള്ള യാത്രക്കാർ തുടർച്ചയായ മൂന്നാം ദിവസവും പെരുവഴിയിലായി. പെരുന്നാൾ അവധിക്കായി നേരത്തെ യാത്ര ബുക്ക് ചെയ്തിരുന്ന യാത്രക്കാർക്ക് പോലും ലക്ഷ്യ സ്ഥാനങ്ങളിലെത്താനായില്ല.

# അധിക സർവീസുമായി

കെ.എസ്.ആർ.ടി.സി

തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി എറണാകുളം ഉൾപ്പെടെയുള്ള വിവിധ ഡിപ്പോകളിൽ നിന്ന് അധിക സർവീസ് നടത്തിയത് ദീർഘദൂര യാത്രക്കാർക്ക് അനഗ്രഹമായി. ഡിപ്പോകളിൽ നേരിട്ടായിരുന്നു ഈ സർവീസുകൾക്കുള്ള ബുക്കിംഗ്. കോഴിക്കോട്, കാസർകോട് സർവീസുകളിലെ സീറ്റുകൾ നിമിഷ നേരം കൊണ്ട് തീർന്നു.

മലബാർ മേഖലയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടർന്ന് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾക്ക് കീഴിലുള്ള വിവിധ സർവീസുകളാണ് റെയിൽവേ റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്ത് നിന്നും കാര്യമായ പ്രശ്‌നങ്ങളില്ലാത്ത റൂട്ടുകളിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തിയത് ആശ്വാസമായി. കോഴിക്കോട് മംഗളൂരു, എറണാകുളം തൃശൂർ, തിരുവനന്തപുരം എറണാകുളം പാതയിൽ പ്രത്യേക സർവീസുകളുണ്ടായി. തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി തൃശൂർ വരെ തീവണ്ടികൾ ഹ്രസ്വദൂര സർവീസുകൾ നടത്തി. കായംകുളം ആലപ്പുഴ എറണാകുളം വഴി വെള്ളിയാഴ്ച നിർത്തിവച്ച ട്രെയിൻ സർവീസ് ഇന്നലെ പുനരാരംഭിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള ഇതര സംസ്ഥാന സർവീസുകൾ പലതും തിരുനൽവേലി വഴി വഴി തിരിച്ചുവിട്ടു. ശനിയാഴ്ചയും മഴ ശക്തിയായി പെയ്തതോടെ ഇന്നലെ രാത്രിക്ക് മുമ്പായി റെയിൽ ഗതാഗതം പൂർണ തോതിൽ പുന:സ്ഥാപിക്കാമെന്ന റെയിൽവേ നീക്കം പാളി. മഴയ്ക്ക് അൽപമെങ്കിലും ശമനമുണ്ടായാൽ ഇന്ന് ഗതാഗതം പുനസ്ഥാപിക്കാനാവുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. മഴ ശമിച്ചാലും ട്രെയിൻ ഗതാഗതം സാധാരണ നിലയിലാവാൻ ഒന്നോ രണ്ടോ ദിവസങ്ങൾ കൂടി വേണ്ടി വരും.