കൊച്ചി: പെരുമ്പാവൂർ വായ്ക്കര ശ്രീഭഗവതി ട്രസ്റ്റ് കാരിമറ്റത്ത് ശ്രീവായ്ക്കരക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഇല്ലം നിറയും പുത്തരിയും ആഗസ്റ്റ് 13 ചൊവ്വാഴ്ച നടക്കും. ഇല്ലനിറ രാവിലെ 10.30നും 11.15നും മദ്ധ്യേയും പുത്തരി നിവേദ്യം 12.45നും 1.15നും മദ്ധ്യേയുമാണ്.

മേൽശാന്തിമാരായ ഗോപി പ്രസാദ് നമ്പൂതിരി, ത്രിവിക്രമൻ ഭട്ടതിരിപ്പാട്, കീഴ്ശാന്തി രാജേഷ് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ഉണക്കലരിയിട്ട ഓട്ടുരുളിയിൽ കതിർക്കുലകൾ ശിരസിലേറ്റി ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്ത് നാലമ്പലത്തിൽ ആല്, മാവ്, പ്ളാവ്, നെല്ലി, ഇല്ലി ഇലകളും ദശപുഷ്പങ്ങളും പ്രത്യേകരീതിയിൽ കെട്ടിയ നിറവല്ലത്തിൽ സ്ഥാപിച്ച് ശ്രീകോവിലിലേക്കും കീഴ്ക്കാവിലേക്കും എഴുന്നള്ളിച്ചാണ് ഇല്ലം നിറ ചടങ്ങുകൾ.

പൂജയ്ക്ക് ശേഷം ചൈതന്യവത്തായ നെൽക്കതിരും നാണയവും പ്രസാദമായി നൽകും. പുന്നെല്ല് കുത്തിയ അരികൊണ്ട് നിവേദ്യമുണ്ടാക്കി ദേവിക്ക് നിവേദിക്കുന്ന ചടങ്ങാണ് പുത്തരി നിവേദ്യം. പുത്തരി നിവേദ്യത്തിന് ശേഷം പ്രസാദ ഉൗട്ടും ഉണ്ടാകും.